Thursday, October 2, 2014



എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' പഞ്ചാബിയിലും കശ്മീരിയിലും
അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' ഇനി കശ്മീരി, പഞ്ചാബി ഭാഷകളിലും വായിക്കാം.

വ്യാഴാഴ്ച രാഷ്ട്രം ഗാന്ധിജിയുടെ 145-ാം ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് പഞ്ചാബി, കശ്മീരി ഭാഷകളിലുള്ള ആത്മകഥാപ്പതിപ്പ് പുറത്തിറക്കുകയെന്ന് നവജീവന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി വിവേക് ദേശായി പറഞ്ഞു. 1929-ല്‍ ഗാന്ധിജിയാണ് നവജീവന്‍ ട്രസ്റ്റ് സ്ഥാപിച്ചത്.

ഇതോടെ രാജ്യത്തെ 17 ഭാഷകളില്‍ എന്റെ സത്യാന്വേഷണ കഥകള്‍ ലഭ്യമാകും. ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി, മറാഠി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, ബംഗാളി, മലയാളം, അസമീസ്, ഒറിയ, മണിപ്പുരി, സംസ്‌കൃതം, കൊങ്കണി ഭാഷകളിലാണ് ആത്മകഥ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
ഗാന്ധിജിയുടെ തത്ത്വങ്ങളും ചിന്തകളും കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് കശ്മീരി, പഞ്ചാബി ഭാഷകളിലും ആത്മകഥ പ്രസിദ്ധീകരിച്ചതെന്ന് വിവേക് ദേശായി പറഞ്ഞു. സുരീന്ദര്‍ ബന്‍സാലാണ് പഞ്ചാബി വിവര്‍ത്തനം നിര്‍വഹിച്ചത്. കശ്മീരിയില്‍ ഗുലാം നബി ഖയാലാണ് വിവര്‍ത്തകന്‍.

രാജ്യത്തെ പ്രധാന ഭാഷകള്‍ക്ക് പുറമേ 30 വിദേശ ഭാഷകളിലും ഗാന്ധിജിയുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ നവജീവന്‍ ട്രസ്റ്റ് അനുമതി നല്‍കിയിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ യൂറോപ്യന്‍-ഏഷ്യന്‍ ഭാഷകളിലും ഗാന്ധിയന്‍ പുസ്തകങ്ങള്‍ ലഭ്യമാണ്.

No comments:

Post a Comment