ഗാഡ്ഗിൽ സമിതി റിപ്പോർട്ട്
ഇന്ത്യയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ വനം - പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി (വെസ്റ്റേൺ ഘട്ട് ഇക്കോളജി എക്സ്പർട്ട് പാനൽ - WGEEP). ജൈവ വൈവിദ്ധ്യ - പരിസ്ഥിതി സംരക്ഷണ മേഖലകളിലെ 14 വിദഗ്ദ്ധർ അടങ്ങിയ ഈ സമിതി തയ്യാറാക്കിയ റിപ്പോർട്ട്, അതിന്റെ അദ്ധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിലിന്റെ പേരിൽ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് എന്നാണ് അറിയപ്പെടുന്നത്.
മാധവ് ഗാഡ്ഗിൽ സമിതിയുടെ ഈ റിപ്പോർട്ട് സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സർക്കാരുകളും കടുത്ത ആശങ്ക ഉന്നയിക്കുകയും വിവിധ രാഷ്ട്രീയ കക്ഷികൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഈ ആശങ്കൾ പരിഗണിച്ചും ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്തിയും പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുക എന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗം കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു. ഹൈ ലവൽ വർക്കിംഗ് ഗ്രൂപ്പ് എന്ന ഈ കമ്മറ്റിയാണ് കസ്തൂരിരംഗൻ കമ്മറ്റി എന്നറിയപ്പെടുന്നത്.
എന്നാൽ വിശദമായ വിലയിരുത്തലിനുശേഷവും ഗാഡ്ഗിൽ സമിതി ശുപാർശകളെ തത്വത്തിൽ
അംഗീകരിക്കുന്ന നിലപാടാണ് കസ്തൂരി രംഗൻ സമിതിയും മുന്നോട്ട് വെച്ചത്.
അതേസമയം സുപ്രധാനമായ ചില മേഖലകളിൽ കാതലായ മാറ്റങ്ങളും നിർദ്ദേശിച്ചു.
പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്ന് ഭാഗവും പരിസ്ഥിതി ദുർബല പ്രദേശമായി
പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശകളിൽ വിയോജിപ്പ് രേഖപ്പെടുത്തി
പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം ഇപ്രകാരമുള്ള പ്രദേശമാണെന്ന്
കസ്തൂരിരങ്കൻ സമിതി വിലയിരുത്തി. ഗാഡ്ഗിൽ കമ്മറ്റി ശുപാർശ ചെയ്ത മൂന്നു തരം
പരിസ്ഥിതി സംവേദക മേഖലകൾക്കു പകരം ഒറ്റ മേഖലയെ മാത്രം സംരക്ഷിക്കാനാണ്
നിർദ്ദേശം. കേരളത്തിലെ റിസർവ്, നിക്ഷിപ്ത വന മേഖലകൾ പോലും പൂർണമായി
സംരക്ഷിക്കാൻ സമിതി ശുപാർശ ചെയ്യുന്നില്ല. ഉയർന്ന വന മേഖല ഉൾപ്പെടുന്ന
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ഒറ്റ വില്ലേജും പരിസ്ഥിതി സംവേദക
മേഖലയായി പട്ടികയിലില്ലായെന്നത് പരിസ്ഥിതി പ്രവർത്തകരുടെ വിമർശനത്തിനു
വിധേയമായിട്ടുണ്ട്. തലശ്ശേരി താലൂക്കിലെയും വനമേഖല പൂർണമായി
സംരക്ഷിക്കപ്പെടേണ്ട പ്രദേശത്തിൻറെ പട്ടികയിലില്ല. തലശ്ശേരി താലൂക്കിലെ
ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജുകൾ മാത്രമാണ് പട്ടികയിലുള്ളത്.
ഫലത്തിൽ ഗാഡ്ഗിൽ സമിതി റിപ്പോർട്ടിൻറെ അന്തസത്ത ഉൾക്കൊള്ളാതെയും പരിസ്ഥിതി
സംരക്ഷണത്തിനുള്ള മാർഗങ്ങൾ വ്യക്തമായി നിർദ്ദേശിക്കാതെയുമാണ് ഈ റിപ്പോർട്ട്
തയ്യാറാക്കിയിരിക്കുന്നത്. വിവിധ സംസ്ഥാന സർക്കാരുകളുടെയും
കുടിയേറ്റക്കാരുടെ പേരിൽ ചില എൻ.ജി.ഒ സംഘടനകളുടെയും നിവേദനങ്ങളുടെ
അടിസ്ഥാനത്തിലാണ് കാതലായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.പരിസ്ഥിതി സംവേദക
മേഖലകളിലെ വികസനപ്രവർത്തനങ്ങളിൽ ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ച കർശന
നിയന്ത്രണങ്ങൾ തന്നെ നടപ്പാക്കണമെന്നും യാതൊരുവിധ ഖനനപ്രവർത്തനങ്ങളും
ഇപ്രകാരമുള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അനുവദിക്കുവാൻ പാടില്ലെന്നും
സമിതി നിർദ്ദേശിക്കുന്നുണ്ട്. അതുപോലെ ഈ മേഖലയിലെ അൻപത് വർഷത്തിന് മുകളിൽ
പ്രായമുള്ള അണക്കെട്ടുകൾ പ്രവർത്തനമവസാനിപ്പിക്കണമെന്ന നിർദ്ദേശത്തോടും
കസ്തൂരിരംഗൻ സമിതി വിയോജിച്ചു. അവ അറ്റകുറ്റപ്പണികൾ നടത്തി
സംരക്ഷിക്കാവുന്നവയാണെന്ന അഭിപ്രായമാണ് ഈ സമിതി പ്രകടിപ്പിച്ചത്. എന്നാൽ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ എതിർത്തുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശയെ ഈ സമിതിയും പിൻതാങ്ങിയെങ്കിലും
പുതിയ പഠന റിപ്പോർട്ടുമായി അംഗീകാരത്തിനായി അപേക്ഷിക്കണമെന്നു കേരള
സർക്കാരിനോടു നിർദ്ദേശിക്കുകയും ചെയ്തു. കസ്തൂരി രംഗൻ റിപ്പോർട്ട്
തള്ളിക്കളയണമെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ കമ്മറ്റി
റിപ്പോർട്ട ചർച്ച ചെയ്തു നടപ്പാക്കണമെന്നും കേരളത്തിലെ പ്രമുഖ പരിസ്ഥിതി
സംഘടനയായ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികം പ്രമേയത്തിലൂടെ
സർക്കാരുകളോട് ആവശ്യപ്പെട്ടു.
No comments:
Post a Comment