Saturday, November 1, 2014

നവംബര്‍ 1 കേരളപ്പിറവി ദിനം
കേരളം ചെറുതല്ല ഭിന്നമാം മതങ്ങള്‍ക്ക് 
താവളം കലാപര സംസ്ക്കാര സേവാദളം--------പാലാനാരായണന്‍ നായര്‍



കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങലിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം. ഫസൽ അലി തലവനായും സർദാർ കെ. എം. പണിക്കർ, പണ്‌ഡിറ്റ്‌ ഹൃദയനാഥ്‌ കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത്‌ 1953-ലാണ്‌. 1955-സെപ്‌റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു. അതിൽ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാർശയുണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ്‌ ഇന്ത്യയുടെ രാഷ്‌ട്രിയ ഭൂപടം തയ്യാറാക്കിയത്‌. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാം കൂർ - കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിനു നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്‌തു നവംബർ ഒന്നിനു ശ്രീ ചിത്തിരതിരുന്നാൾ ബാലരാമവർമ്മ മഹാരാജാവ്‌ തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ്‌ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്‌. സംസ്ഥാനത്തെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌ കെ. ടി കോശിയായിരുന്നു ആദ്യ ചീഫ്‌ സെക്രട്ടറി എൻ. ഇ. എസ്‌. രാഘവാചാരി. ആദ്യ പോലീസ്‌ ഐ ജി എൻ. ചന്ദ്രശേഖരൻനായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻനമ്പൂതിരിപ്പാട്‌ മുഖ്യമന്തിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.