Saturday, January 17, 2015




കാന്‍സര്‍ തോറ്റുമടങ്ങുന്നു; അഞ്ചേരിക്കു മുമ്പില്‍


തൃശൂര്‍ അഞ്ചേരിയിലെ ഗ്രാമീണര്‍ കാന്‍സറിനെ പ്രതിരോധിക്കുന്നത്‌ വീട്ടില്‍ രണ്ടു ചെടി നട്ടുകൊണ്ടാണ്‌. അതിന്‌ പ്രേരകമായതാവട്ടെ സെബി വല്ലച്ചിറക്കാരന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനും. പുതുവര്‍ഷത്തില്‍ കേരളസമൂഹത്തിന്‌ അനുകരണീയമായ ഒരു മികച്ചമാതൃക.തൃശൂര്‍ നഗരത്തില്‍നിന്ന്‌ അഞ്ചുകിലോമീറ്റര്‍ ദൂരമുണ്ട്‌ അഞ്ചേരി ഗ്രാമത്തിലേക്ക്‌. അവിടുത്തെ ഓരോ വീട്ടിലുമിപ്പോള്‍ നട്ടുനനച്ചു വളര്‍ത്തുന്നത്‌ രണ്ടു ചെടികളാണ്‌. ലക്ഷ്‌മിതരുവും മുള്ളാത്ത(മുള്ളന്‍ചക്ക)യും. കാന്‍സര്‍ എന്ന മഹാരോഗം അഞ്ചേരിയെ ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ കണ്ടെത്തിയ പ്രതിരോധമാണ്‌ ഈ ഔഷധച്ചെടികള്‍.ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എഴുപത്തഞ്ചു കാന്‍സര്‍ രോഗികളുണ്ടായിരുന്നു, അഞ്ചേരിയില്‍. അതില്‍ നാല്‍പ്പതുപേര്‍ മരിച്ചു. ശേഷിച്ചവരുടെജീവിതം ലക്ഷ്‌മിതരുവും മുള്ളാത്തയും നല്‍കുന്ന ബലത്തിലാണ്‌. ഈ മൃതസഞ്‌ജീവനി കണ്ടെത്തിയതിനു പിന്നില്‍ ഒരു കഥയുണ്ട്‌. അതറിയണമെങ്കില്‍ അഞ്ചേരിയിലെ വല്ലച്ചിറ വീട്ടില്‍ സെബിയെന്നചെറുപ്പക്കാരനെ പരിചയപ്പെടണം.

സെബിയുടെ മാതൃക

മറ്റുള്ളവര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സെബിയുടേത്‌. എവിടെ രക്‌തം വേണമെങ്കിലും ഓടിയെത്തുന്ന തൃശൂരിലെ സാമൂഹ്യപ്രവര്‍ത്തകന്‍. ബ്ലഡ്‌ ഡൊണേഷന്‍ പ്രോഗ്രാമിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍. കഴിഞ്ഞ ജനുവരിയിലാണ്‌ സെബിക്ക്‌ പെട്ടെന്ന്‌ സംസാരിക്കാനും വെള്ളമിറക്കാനും കഴിയാതെ വന്നത്‌. പല്ലുവേദനയാണെന്ന്‌ കരുതി ഡോക്‌ടറെ കാണിച്ചു.
ഉമിനീര്‍ ഗ്രന്ഥിയില്‍ കാന്‍സര്‍ പിടിപെട്ടതാണെന്ന്‌ ഡോക്‌ടര്‍ സ്‌ഥിരീകരിച്ചപ്പോള്‍ സെബി ആദ്യമൊന്ന്‌ ഞെട്ടി. കാന്‍സര്‍ പോലുള്ള അസുഖം വന്നാല്‍ ഒരിക്കലും രോഗി തളര്‍ന്നുപോകരുത്‌. രോഗി ഡിമ്മായാല്‍ ഭാര്യയും മൂന്നുമക്കളും അസ്വസ്‌ഥരാവും. അതിനാല്‍ ചേട്ടനൊഴികെ ആരോടും പറഞ്ഞില്ല.
മദ്യപാനമില്ല. പുകവലിയില്ല. മധുര പലഹാരം പോലും കഴിക്കാറില്ല. എന്നിട്ടും സെബിക്ക്‌ കാന്‍സര്‍ വന്നതാണ്‌ നാട്ടുകാരുടെ സംശയം. കൂട്ടുകാരായ ചിലര്‍ അമ്പലത്തില്‍ പൂജ നടത്തി. മറ്റുചിലര്‍ പള്ളിയില്‍ ഒരു ദിവസം മുഴുവനും മൗനപ്രാര്‍ഥന നടത്തി.
നാവിന്‌ അസുഖമാണെന്നും ഓപ്പറേഷന്‍ വേണമെന്നുമാണ്‌ ഭാര്യയോട്‌ പറഞ്ഞത്‌. സെബിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത്‌ റേഡിയേഷന്‍ കഴിഞ്ഞതോടെ ശരീരം വല്ലാതെ ശോഷിച്ചു.
ഒരു ദിവസം റേഡിയേഷന്‍ ചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ്‌ സെബി ദയനീയമായ ആ കാഴ്‌ച കണ്ടത്‌. വൃദ്ധന്‍മാരടക്കമുള്ള രോഗികള്‍ കാന്‍സര്‍ വാര്‍ഡിന്‌ പുറത്ത്‌ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയാണ്‌. അക്കൂട്ടത്തില്‍ മൂക്കില്‍ കുഴലിട്ടവരും ഓപ്പറേഷന്‍ കഴിഞ്ഞവരുമുണ്ട്‌.
പലരും മലപ്പുറം, പാലക്കാട്‌ ജില്ലകളില്‍നിന്നു വന്ന പാവപ്പെട്ടവര്‍. ഇരിക്കാന്‍ ഒരു കസേര പോലുമില്ല. സെബിയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ വെറുതെയിരുന്നില്ല. നേരെ സൂപ്രണ്ടിന്റെ മുറിയിലേക്ക്‌ കയറി. ഇരിക്കാന്‍ കസേരയില്ലെന്ന്‌ പറഞ്ഞപ്പോള്‍ ഫണ്ടില്ലെന്ന പതിവു മറുപടി.
''കസേര ഞാനെത്തിച്ചുതന്നാലോ?''
സൂപ്രണ്ട്‌ അങ്ങനെെയാരു ചോദ്യം പ്രതീക്ഷിച്ചുകാണില്ല. ആവേശത്തിന്‌ പറയുന്നതാവും എന്നാണ്‌ വിചാരിച്ചത്‌. പക്ഷേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 24 കസേരകള്‍ സെബിയും സുഹൃത്തുക്കളും മെഡിക്കല്‍ കോളജിലെത്തിച്ചു. സെബിയുടെ സുഹൃത്തായിരുന്നു സ്‌പോണ്‍സര്‍.
മറ്റൊരു ദിവസം വെറുതെ കാന്‍സര്‍ വാര്‍ഡിലേക്കൊന്നു കയറിനോക്കിയതാണ്‌. പലര്‍ക്കും ധരിക്കാന്‍ വസ്‌ത്രം പോലുമില്ല. മിക്കവരുടെയും അവസ്‌ഥ ദയനീയം. അന്നു തന്നെ ഒല്ലൂര്‍ ഗവ. വൈലോപ്പിള്ളി ഹൈസ്‌കൂളിലെത്തി അധ്യാപകരോട്‌ കാര്യങ്ങള്‍ പറഞ്ഞു. ഓരോ കുട്ടിയും ഓരോ വസ്‌ത്രം ദാനം ചെയ്‌ത് ഡ്രസ്സ്‌ ബാങ്കുണ്ടാക്കുകയെന്ന ആശയം വച്ചു.
എല്ലാ കുട്ടികളും സഹകരിച്ചു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന്‌ മൂന്നു കാറുകളില്‍ നിറയെ ഡ്രസ്സുമായി മെഡിക്കല്‍ കോളജിലെ സൂപ്രണ്ടിനെ കണ്ടു. അദ്ദേഹവും അമ്പരന്നു. പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്‌ സെബിയെന്ന്‌ അന്നദ്ദേഹം തിരിച്ചറിഞ്ഞു.റേഡിയേഷന്‍ കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ ബ്രദര്‍ ടോം അലന്‍ സുഹൃത്തായ ഡോ.അഗസ്‌റ്റിന്‍ ആന്റണിക്കൊപ്പം സെബിയെ സന്ദര്‍ശിക്കാനെത്തിയത്‌. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട പ്ര?ഫസറായ അഗസ്‌റ്റിന്‌ സെബിയുടെ അവസ്‌ഥ കണ്ടപ്പോള്‍ സങ്കടം തോന്നി.''റേഡിയേഷന്‍ ഇത്രടംവരെ മതി. അതിനു പകരം ലക്ഷ്‌മിതരുവിന്റെ ഇലയും മുള്ളാത്തയുടെ ഇലയും കഷായം വച്ചു കഴിച്ചാല്‍ മതി. കാന്‍സര്‍ മാറാന്‍ ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഉപയോഗിച്ചിരുന്ന ടോണിക്കാണിത്‌. വിദേശവിപണിയില്‍ ടാബ്ലറ്റായും കിട്ടുന്നുണ്ട്‌. നിര്‍ഭാഗ്യവശാല്‍ മലയാളികള്‍ക്കറിയില്ല.''ഡോക്‌ടര്‍ പറഞ്ഞത്‌ സെബിയും വിശ്വസിച്ചു. ഒരുമാറ്റം അയാളും ആഗ്രഹിച്ചിരുന്നു. ലക്ഷ്‌മിതരുവും മുള്ളാത്തയും എവിടെനിന്നു കിട്ടും എന്നുള്ള അന്വേഷണമായി പിന്നീട്‌. അഞ്ചേരിയിലെ ഡോ.ഗീതയുടെ വീട്ടില്‍ നിന്നും ലക്ഷ്‌മിതരു കണ്ടെത്തി. മറ്റൊരിടത്തുനിന്ന്‌ മുള്ളാത്തയും. പതിനഞ്ചു ദിവസം മൂന്നുനേരം ലക്ഷ്‌മിതരുവിന്റെ ഇല പിഴിഞ്ഞും മുള്ളാത്ത കുരു നീക്കി ജ്യൂസാക്കിയും കഴിച്ചു.ഡോ. അഗസ്‌റ്റിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണക്രമം തന്നെ മാറ്റി. ചായ, പഞ്ചസാര, ഉണക്കമീന്‍, മൈദ വസ്‌തുക്കള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ദിവസവും ഒരു ടീസ്‌പൂണ്‍ തേനില്‍ ചെറുനാരങ്ങനീര്‌ കഴിക്കും. ആഴ്‌ചയിലൊരിക്കല്‍ പച്ചമഞ്ഞളിന്റെ നീര്‌.കുറച്ചുനാള്‍ കഴിഞ്ഞ്‌ കാന്‍സര്‍ വിദഗ്‌ധനായ ഡോ. വി.പി.ഗംഗാധരനെ എറണാകുളത്തു പോയിക്കണ്ടു.''സെബിക്കിപ്പോള്‍ കാന്‍സറൊന്നുമില്ല. രണ്ടുമാസത്തിലൊരിക്കല്‍ ചെക്കിംഗിന്‌ വന്നാല്‍ മതി.''ഗംഗാധരന്‍ ഡോക്‌ടറുടെ അതേ അഭിപ്രായമായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.മധുവിനും. അങ്ങനെ ലക്ഷ്‌മിതരുവിനും മുള്ളാത്തയ്‌ക്കും മുമ്പില്‍ കാന്‍സര്‍ കീഴടങ്ങി.