Thursday, October 2, 2014


മാതൃഭൂമി സാഹിത്യപുരസ്‌കാരം സുഗതകുമാരിക്ക്‌ 
ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് കവയിത്രി സുഗതകുമാരി അര്‍ഹയായി. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ചെയര്‍മാനും കവി സച്ചിദാനന്ദന്‍, പ്രമുഖ നിരൂപക ഡോ. എം ലീലാവതി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സുഗതകുമാരിയെ പതിമൂന്നാമത് മാതൃഭൂമി പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് എന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാറും മാനേജിങ്ങ് എഡിറ്റര്‍ പി.വി ചന്ദ്രനും അറിയിച്ചു.

ഭൂമിക്കും അതിലെ സകല സസ്യജന്തുജാലങ്ങള്‍ക്കും സ്‌നേഹാമൃതം പകര്‍ന്നുനല്‍കുന്ന കവിതയാണ് സുഗതകുമാരിയുടേതെന്ന് പുരസ്‌കാര നിര്‍ണയസമിതി വിലയിരുത്തി. പതിറ്റാണ്ടുകളായി അനുവാചകര്‍ ഈ കാവ്യവൃക്ഷത്തിന്റെ ശീതളിമയാര്‍ന്ന പൂന്തണലും പ്രാണവായുവും പൂക്കളും തേനും കനികളുമൊക്കെ നുകര്‍ന്നുകൊണ്ടിരിക്കുന്നു. സ്‌നേഹത്തിന്റെയും ധര്‍മസങ്കടങ്ങളുടെയും കുസുമങ്ങള്‍ വിടര്‍ന്നുവിലസുന്ന ജൈവസമ്പന്നമായ വിശാലമായ താഴ് വരയിലേയ്ക്ക് നാം ആ കവിതയിലൂടെ പ്രവേശിച്ച് അതിന്റെ ഗന്ധവും ബന്ധവും അനുഭവിച്ചറിഞ്ഞു. കവിതയില്‍മാത്രമൊതുങ്ങുന്നതല്ല സുഗതകുമാരിയുടെ പ്രതിജ്ഞാബദ്ധത. കാല്‍പ്പനികവും ദാര്‍ശനികവുമായ ഒരുതലത്തില്‍ അത് അവര്‍ കവിതയിലൂടെ പകര്‍ന്നുതന്നു. പ്രകൃതിയുടെ നേര്‍ക്കും സമൂഹത്തിന്റെ നേര്‍ക്കും ഉയരുന്ന ചോദ്യങ്ങളെ സത്യാന്വേഷണത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും പ്രതികരണങ്ങളാല്‍ സാര്‍ത്ഥകമാക്കിക്കൊണ്ട് സമൂഹത്തിനോട് നിര്‍ണായകമായ കടമ ഓരോ മനുഷ്യനും എഴുത്തുകാരനുമുണ്ട് എന്ന് സുഗതകുമാരി നിരന്തരം ഓര്‍മിപ്പിക്കുന്നു-സമിതി വിലയിരുത്തി.

കവിയും സ്വാതന്ത്ര്യസമരസേനാനിയും അടിയുറച്ച ഗാന്ധിയനുമായ ബോധേശ്വരന്റെയും പ്രൊഫ. വി.കെ കാര്‍ത്യായനി അമ്മയുടേയും മകളായി ജനിച്ച സുഗതകുമാരി ചെറുപ്പത്തിലേ കവിതയെഴുതിത്തുടങ്ങി. അരനൂറ്റാണ്ടിനകത്ത് അവര്‍ എഴുതിയ ഭൂരിപക്ഷം കവിതകളും 'മാതൃഭൂമി' ആഴ്ചപ്പതിപ്പാണ് പ്രസിദ്ധീകരിച്ചത്. 'പാതിരാപ്പൂക്കള്‍', 'രാത്രിമഴ', 'അമ്പലമണി', 'കൃഷ്ണകവിതകള്‍', 'കുറിഞ്ഞിപ്പൂക്കള്‍', 'തുലാവര്‍ഷപ്പച്ച' 'രാധയെവിടെ?' എന്നിവയാണ് സുഗതകുമാരിയുടെ പ്രധാനകൃതികള്‍.

പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി എഴുത്തിലൂടെയും സ്വജീവിതംകൊണ്ടും നിരന്തരം സമരംചെയ്യുന്നു സുഗതകുമാരി. 2006-ല്‍ രാഷ്ട്രം അവരെ പത്മശ്രീ നല്‍കി ആദരിച്ചു.

കുട്ടികള്‍ക്കുള്ള 'തളിര്‍' മാസികയുടെ പത്രാധിപ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ-എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണസമിതിയുടേയും 'അഭയ'യുടേയും സ്ഥാപകസെക്രട്ടറിയാണ്. ഭര്‍ത്താവ്: പരേതനായ ഡോ. കെ. വേലായുധന്‍നായര്‍, മകള്‍: ലക്ഷ്മീദേവി. മാതൃഭൂമിയുടെ പിറവിയുടെ തൊണ്ണൂറാം വര്‍ഷത്തിലാണ് സുഗതകുമാരിക്ക് മാതൃഭൂമി സാഹിത്യപുരസ്‌ക്കാരം നല്‍കുന്നത്.

ചരിത്രം കുറിച്ച് ഇന്ത്യയ്ക്ക് റിലേ സ്വര്‍ണം
 
ഇഞ്ചിയോണ്‍: ഹോക്കിയില്‍ പുരുഷന്മാര്‍ വമ്പു കാട്ടി പൊന്നണിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇഞ്ചിയോണിലെ നീലട്രാക്കിനെ ഇന്ത്യന്‍ പെണ്‍പ്പറവകളും പൊന്നണിച്ചു. വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ ഗെയിംസ് റെക്കോഡ് തിരുത്തിക്കുറിച്ച് പറന്നുകൊണ്ടാണ് ടിന്റു ലൂക്കയും കൂട്ടരും സ്വര്‍ണം നേടിയത്. 3:28.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ടിന്റു ലൂക്കയും പ്രിയങ്ക പവാറും മന്‍ദീപ് കൗറും എം.ആര്‍. പൂവമ്മയും നാലു വര്‍ഷം മുന്‍പ് ഗ്വാങ്ഷുവില്‍ ഇന്ത്യന്‍ ടീം തന്നെ കുറിച്ച റെക്കോഡാണ് പഴങ്കഥയാക്കിയത്. അന്ന് 3.29.02 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റെക്കോഡിട്ട ടീമിലെ അംഗങ്ങളായിരുന്നു പൂവമ്മയും മന്‍ദീപ് കൗറും. ടിന്റുവിന്റെയും പ്രിയങ്ക പവാറിന്റെയും ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്.കഴിഞ്ഞ ദിവസം 800 മീറ്ററില്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട സ്വര്‍ണം നഷ്ടപ്പെട്ടതിന്റെ സങ്കടം തീര്‍ക്കാന്‍ ഉറച്ചിറങ്ങിയ ടിന്റുവിന്റെ കുതിപ്പാണ് ഇന്ത്യയെ സ്വര്‍ണമണിയിച്ചത്. പ്രിയങ്ക ഓടിയ ആദ്യ ലാപ്പില്‍ ഇന്ത്യ ജപ്പാന് പിറകിലായിരുന്നു. എന്നാല്‍, പ്രിയങ്കയില്‍ നിന്ന് ബാറ്റണ്‍ ഏറ്റുവാങ്ങിയ ടിന്റു കാലില്‍ അത്ഭുതവേഗം ആവാഹിച്ച് പറന്ന് 200 മീറ്ററോടെ തന്നെ ജപ്പാന്റെ രണ്ടാം ലാപ്പുകാരി നനാകൊ മത്‌സുമൊട്ടോയെ മറികടന്നു. ടിന്റുവില്‍ നിന്ന് ബാറ്റണ്‍ കൈമാറിക്കിട്ടിയ മന്‍ദീപ് കൗറിന് ജപ്പാന്റെ കാന ഇചികാവയില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. എന്നാല്‍, അനുഭവസമ്പത്തിന്റെ കരുത്തില്‍ കുതിച്ച മന്‍ദീപ് ബാറ്റന്‍ ലീഡോടെ തന്നെ അവസാന ലാപ്പുകാരി പൂവമ്മയ്ക്ക് ഏല്‍പിച്ചു. പൂവമ്മയുടെ ഉജ്വലമായ സ്പ്രിന്റിങ് ശേഷിയെ മറികടക്കാന്‍ ജപ്പാന്റെ അവസാന ലാപ്പുകാരി അസാമി ചിബയ്ക്ക് കഴിഞ്ഞതേയില്ല. 25 മീറ്ററിലേറെ ദൂരത്തിന്റെ വ്യത്യാസത്തില്‍ പൂവമ്മയുടെ ഗോള്‍ഡന്‍ ഫിനിഷ്. 20 സെക്കന്‍ഡ് കഴിഞ്ഞാണ് അസാമി ടേപ്പ്

തൊട്ടത്. സമയം: 3:30.80 സെക്കന്‍ഡ്. 3.32.02 സെക്കന്‍ഡില്‍ ചൈന വെങ്കലമണിഞ്ഞു.

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന് 12 വയസ്സ് 

  വാര്‍ഷികാഘോഷം 14 ന് തൃശ്ശൂരില്‍

കമ്പ്യൂട്ടര്‍ ഉപയോഗത്തിന് ഭാഷ തടസ്സമാകരുതെന്ന ലക്ഷ്യവുമായി 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്' യാഥാര്‍ഥ്യമായിട്ട് ഒരു വ്യാഴവട്ടം തികഞ്ഞു. മലയാള ഭാഷയെ അതിന്റെ തനിയമയും സൗന്ദര്യവും ചോരാതെ ഡിജിറ്റല്‍ യുഗത്തിലേക്ക് ആനയിക്കുക വഴി വിപ്ലവകരമായ മാറ്റമാണ് ഇത് ഈ മേഖലയിലുണ്ടാക്കിയത്.കോഴിക്കോട് എന്‍.ഐ.ടി. വിദ്യാര്‍ത്ഥിയായിരുന്ന എം.ബൈജു 2001 ല്‍ ആരംഭിച്ച മലയാളം ലിനക്‌സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണ് 10 മാസങ്ങള്‍ക്കുശേഷം 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ SMC  എന്ന പേരിലേക്ക് മാറിയത്. തുടര്‍ന്നുള്ള 12 വര്‍ഷം കൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങ് മറ്റേതു ഭാഷക്കും മാതൃകയാകുന്ന വിധത്തില്‍ വളര്‍ന്നു.
സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് എത്തിക്കുക, ഭാഷാ കമ്പ്യൂട്ടിങ്ങിന് വേണ്ട സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക, ഭാഷാ സാങ്കേതികവിദ്യയില്‍ സ്വയംപര്യാപ്തത, ഭാഷാ സാങ്കേതികവിദ്യാ വിദഗ്ദരെ വാര്‍ത്തെടുക്കുക തുടങ്ങിയവയും ഈ കൂട്ടായമയുടെ ലക്ഷ്യമായിരുന്നു.സ്വതന്ത്ര സോഫ്റ്റ്‌വേറുകളുടെ പ്രാദേശികവത്ക്കരണം, ഫോണ്ടുകളുടെ നിര്‍മ്മാണവും പുതുക്കലും, കമ്പ്യൂട്ടര്‍/മൊബൈല്‍ സമ്പര്‍ക്കമുഖങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം ഉറപ്പുവരുത്തല്‍, മലയാളം ടൈപ്പ് ചെയ്യാനുള്ള സംവിധാനം...തുടങ്ങി ഭാഷാകമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്' വിജയകരമായി ഇടപെടലുകള്‍ നടത്തി കഴിഞ്ഞു. നിരവധി സര്‍ക്കാര്‍/ സര്‍ക്കാരിതര കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയും ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന് മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഐ .ടി. അറ്റ് സ്‌കൂളിലെ മലയാള ലഭ്യത, കേരള സര്‍ക്കാറിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പയിന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാനുള്ള സ്വതന്ത്ര സാങ്കേതിക അടിത്തറ നിര്‍മ്മിക്കാനായതും ഈ കൂട്ടായ്മയുടെ നേട്ടമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റവെയര്‍ ഡെവലപ്പര്‍ കൂടിയാണ് ഇത്. പന്ത്രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 14,15 തിയ്യതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന സമ്മേളനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
രാവിലെ 9.30 ന് ഐസിഫോസ്സ് ഡയറക്ടര്‍ സതീഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.ജി.നാഗര്‍ജ്ജുന മുഖ്യ പ്രഭാഷണം നടത്തും. മലയാളം കമ്പ്യൂട്ടിങ്ങ് പുതു സാധ്യതകളും വെല്ലുവിളികളും, മാധ്യമങ്ങളും കമ്പ്യൂട്ടിങ്ങും, മലയാളം കമ്പ്യൂട്ടിങ്ങിലെ സംരംഭകത്വവും പുതുസാധ്യതകളും, മലയാള ഭാഷ ഘടനയും കമ്പ്യൂട്ടിങ്ങും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. 



എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' പഞ്ചാബിയിലും കശ്മീരിയിലും
അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' ഇനി കശ്മീരി, പഞ്ചാബി ഭാഷകളിലും വായിക്കാം.

വ്യാഴാഴ്ച രാഷ്ട്രം ഗാന്ധിജിയുടെ 145-ാം ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് പഞ്ചാബി, കശ്മീരി ഭാഷകളിലുള്ള ആത്മകഥാപ്പതിപ്പ് പുറത്തിറക്കുകയെന്ന് നവജീവന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി വിവേക് ദേശായി പറഞ്ഞു. 1929-ല്‍ ഗാന്ധിജിയാണ് നവജീവന്‍ ട്രസ്റ്റ് സ്ഥാപിച്ചത്.

ഇതോടെ രാജ്യത്തെ 17 ഭാഷകളില്‍ എന്റെ സത്യാന്വേഷണ കഥകള്‍ ലഭ്യമാകും. ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി, മറാഠി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, ബംഗാളി, മലയാളം, അസമീസ്, ഒറിയ, മണിപ്പുരി, സംസ്‌കൃതം, കൊങ്കണി ഭാഷകളിലാണ് ആത്മകഥ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
ഗാന്ധിജിയുടെ തത്ത്വങ്ങളും ചിന്തകളും കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് കശ്മീരി, പഞ്ചാബി ഭാഷകളിലും ആത്മകഥ പ്രസിദ്ധീകരിച്ചതെന്ന് വിവേക് ദേശായി പറഞ്ഞു. സുരീന്ദര്‍ ബന്‍സാലാണ് പഞ്ചാബി വിവര്‍ത്തനം നിര്‍വഹിച്ചത്. കശ്മീരിയില്‍ ഗുലാം നബി ഖയാലാണ് വിവര്‍ത്തകന്‍.

രാജ്യത്തെ പ്രധാന ഭാഷകള്‍ക്ക് പുറമേ 30 വിദേശ ഭാഷകളിലും ഗാന്ധിജിയുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ നവജീവന്‍ ട്രസ്റ്റ് അനുമതി നല്‍കിയിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ യൂറോപ്യന്‍-ഏഷ്യന്‍ ഭാഷകളിലും ഗാന്ധിയന്‍ പുസ്തകങ്ങള്‍ ലഭ്യമാണ്.
രക്ഷകനായി ശ്രീജേഷ്; 
ഹോക്കി സ്വര്‍ണം ഇന്ത്യയ്ക്ക്‌

ഇഞ്ചിയോണ്‍: ഗാന്ധിജയന്തി ദിനത്തില്‍ ഓര്‍ത്തുവയ്ക്കാന്‍ ഇന്ത്യയ്ക്കിതാ അവിസ്മരണീയമായൊരു വിജയം. സ്വപ്‌നഫൈനലില്‍ പാകിസ്താനെ തോല്‍പിച്ച് പതിനെട്ട് വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം മാറിലണിഞ്ഞു. ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ സ്വപ്‌നതുല്ല്യമായ വിജയം (4-2). രണ്ടു ഷോട്ടുകള്‍ തടഞ്ഞ മലയാളി ഗോള്‍ പി.ആര്‍. ശ്രീജേഷാണ് ഇന്ത്യന്‍ വിജയത്തിന്റെ ചുക്കാന്‍ പിടിച്ചത്. 

ഇഞ്ചിയോണ്‍: ഹോക്കിയില്‍ പുരുഷന്മാര്‍ വമ്പു കാട്ടി പൊന്നണിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇഞ്ചിയോണിലെ നീലട്രാക്കിനെ ഇന്ത്യന്‍ പെണ്‍പ്പറവകളും പൊന്നണിച്ചു. വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ ഗെയിംസ് റെക്കോഡ് തിരുത്തിക്കുറിച്ച് പറന്നുകൊണ്ടാണ് ടിന്റു ലൂക്കയും കൂട്ടരും സ്വര്‍ണം നേടിയത്. 3:28.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ടിന്റു ലൂക്കയും പ്രിയങ്ക പവാറും മന്‍ദീപ് കൗറും എം.ആര്‍. പൂവമ്മയും നാലു വര്‍ഷം മുന്‍പ് ഗ്വാങ്ഷുവില്‍ ഇന്ത്യന്‍ ടീം തന്നെ കുറിച്ച റെക്കോഡാണ് പഴങ്കഥയാക്കിയത്. അന്ന് 3.29.02 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റെക്കോഡിട്ട ടീമിലെ അംഗങ്ങളായിരുന്നു പൂവമ്മയും മന്‍ദീപ് കൗറും. ടിന്റുവിന്റെയും പ്രിയങ്ക പവാറിന്റെയും ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്.

കഴിഞ്ഞ ദിവസം 800 മീറ്ററില്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട സ്വര്‍ണം നഷ്ടപ്പെട്ടതിന്റെ സങ്കടം തീര്‍ക്കാന്‍ ഉറച്ചിറങ്ങിയ ടിന്റുവിന്റെ കുതിപ്പാണ് ഇന്ത്യയെ സ്വര്‍ണമണിയിച്ചത്. പ്രിയങ്ക ഓടിയ ആദ്യ ലാപ്പില്‍ ഇന്ത്യ ജപ്പാന് പിറകിലായിരുന്നു. എന്നാല്‍, പ്രിയങ്കയില്‍ നിന്ന് ബാറ്റണ്‍ ഏറ്റുവാങ്ങിയ ടിന്റു കാലില്‍ അത്ഭുതവേഗം ആവാഹിച്ച് പറന്ന് 200 മീറ്ററോടെ തന്നെ ജപ്പാന്റെ രണ്ടാം ലാപ്പുകാരി നനാകൊ മത്‌സുമൊട്ടോയെ മറികടന്നു. ടിന്റുവില്‍ നിന്ന് ബാറ്റണ്‍ കൈമാറിക്കിട്ടിയ മന്‍ദീപ് കൗറിന് ജപ്പാന്റെ കാന ഇചികാവയില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. എന്നാല്‍, അനുഭവസമ്പത്തിന്റെ കരുത്തില്‍ കുതിച്ച മന്‍ദീപ് ബാറ്റന്‍ ലീഡോടെ തന്നെ അവസാന ലാപ്പുകാരി പൂവമ്മയ്ക്ക് ഏല്‍പിച്ചു. പൂവമ്മയുടെ ഉജ്വലമായ സ്പ്രിന്റിങ് ശേഷിയെ മറികടക്കാന്‍ ജപ്പാന്റെ അവസാന ലാപ്പുകാരി അസാമി ചിബയ്ക്ക് കഴിഞ്ഞതേയില്ല. 25 മീറ്ററിലേറെ ദൂരത്തിന്റെ വ്യത്യാസത്തില്‍ പൂവമ്മയുടെ ഗോള്‍ഡന്‍ ഫിനിഷ്. 20 സെക്കന്‍ഡ് കഴിഞ്ഞാണ് അസാമി ടേപ്പ് തൊട്ടത്. സമയം: 3:30.80 സെക്കന്‍ഡ്. 3.32.02 സെക്കന്‍ഡില്‍ ചൈന വെങ്കലമണിഞ്ഞു.


ഇന്ന് ഗാന്ധി ജയന്തി

എന്റെ ലജ്ജാഭാരം മഹാത്മാഗാന്ധി


മഹാത്മാഗാന്ധിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങളി'ല്‍ നിന്ന് ഒരു ഭാഗം.
ഇപ്പോള്‍ ഞാന്‍ പറയുന്ന സംഗതി നടക്കുമ്പോള്‍ എനിക്കു പതിനാറു വയസ്സാണ്. എന്റെ അച്ഛന്‍ ഭഗന്ദരം ബാധിച്ചു കിടപ്പിലായിരുന്നു എന്നു പറഞ്ഞുവല്ലോ. അദ്ദേഹത്തെ ശുശ്രൂഷിച്ചുപോന്നതു, പ്രധാനമായി അമ്മയും ഒരു പഴയ ഭൃത്യനും ഞാനുമാണ്. ഞാന്‍ ഒരു നഴ്‌സിന്റെ പ്രവൃത്തി നിര്‍വഹിച്ചുപോന്നു; അതു കാര്യമായി അച്ഛന്റെ മുറി കെട്ടലും, അച്ഛനു മരുന്നുകൊടുക്കലും, വീട്ടില്‍വെച്ചു മരുന്നു കൂട്ടിച്ചേര്‍ത്തു തയ്യാറാക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതു ചെയ്യലുമാണ്. എല്ലാ ദിവസവും രാത്രി ഞാന്‍ അദ്ദേഹത്തിനു കാല്‍ തലോടിക്കൊടുക്കും, അച്ഛന്‍ അനുവാദം തരികയോ ഉറങ്ങുകയോ ചെയ്തശേഷമേ ഞാന്‍ കിടക്കുവാന്‍ പോവൂ. ഇപ്രകാരമുള്ള ശുശ്രൂഷ ചെയ്യുന്നത് എനിക്ക് വളരെ പ്രിയമായിരുന്നു. അതില്‍ ഒരിക്കലും ഉപേക്ഷ കാണിച്ചതായി ഞാനോര്‍മിക്കുന്നില്ല.
നിത്യകൃത്യങ്ങള്‍ക്കുശേഷമുള്ള ഒഴിവുസമയം മുഴുവനും സ്‌കൂള്‍പഠിപ്പിനും അച്ഛനെ ശുശ്രൂഷിക്കുന്നതിനുമായിട്ടാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. അച്ഛന്‍ അനുവദിച്ചെങ്കിലോ അച്ഛന് ആശ്വാസമുണ്ടായിരുന്നുവെങ്കിലോ മാത്രം വൈകുന്നേരം ഞാന്‍ നടക്കുവാന്‍ പോകാറുണ്ടായിരുന്നു.

ഇക്കാലത്ത് എന്റെ പത്‌നി ഗര്‍ഭിണിയായിരുന്നു. ഇത് എനിക്ക് ഇരട്ടി ലജ്ജയ്ക്കു വകയാണെന്ന് ഇപ്പോള്‍ എനിക്കു തോന്നുന്നുണ്ട്. ഒന്നാമത്തെ അപമാനം, ഞാനെന്റെ പ്രലോഭനം അടക്കിനിര്‍ത്തിയില്ലെന്നതാണ്; സംയമം ഒരു വിദ്യാര്‍ഥിയുടെ നിലയില്‍ എന്റെ മുറയായിരുന്നു. രണ്ടാമത്തെ അപമാനം എന്റെ വിഷയാസക്തി എന്റെ വിദ്യാഭ്യാസസംബന്ധമായ ചുമതലകളേയും അവയേക്കാള്‍ തുലോം വലിയ ധര്‍മമായ പിതൃഭക്തിയേയും കവിഞ്ഞുനിന്നു എന്നതാണ്. ചെറുപ്പംമുതല്‌ക്കേ പിതൃഭക്തിയില്‍ ശ്രവണനെ മാതൃകയായി കരുതിപ്പോന്ന എനിക്ക്, ഈ ഒടുവില്‍ പറഞ്ഞ ധര്‍മം ഞാന്‍ വിസ്മരിച്ചു എന്നുള്ളതു പ്രത്യേകിച്ചും ലജ്ജാകരമായ ഒരു സംഗതിയാണെന്നു പറയേണ്ടതില്ലല്ലോ. രാത്രിസമയത്ത് അച്ഛന്റെ കാല്‍ തടവിക്കൊണ്ടിരിക്കുമ്പോഴെല്ലാം എന്റെ മനസ്സ് ശയനമുറിയില്‍ ചുറ്റിത്തിരിയുകയായിരുന്നു. ധര്‍മശാസ്ത്രവും വൈദ്യശാസ്ത്രവും വിവേകവും എല്ലാം സ്ത്രീസംസര്‍ഗത്തെ വിരോധിച്ചിട്ടുള്ള ഒരു സന്ദര്‍ഭത്തിലാണ് എന്റെ മനസ്സ് ഇങ്ങനെ വിഷയാസക്തിക്ക് അധീനമായിരുന്നത്. അച്ഛനെ ശുശ്രൂഷിക്കുന്നതില്‍നിന്ന് ഒഴിവു കിട്ടുന്നത് എനിക്ക് എപ്പോഴും സന്തോഷമായിരുന്നു. ഒഴിവു കിട്ടിയ ഉടനെ അച്ഛനെ വന്ദിച്ചു നേരിട്ടു ശയനമുറിയിലേക്കു പോവുകയാണ് ഞാന്‍ ചെയ്തിരുന്നത്.
അച്ഛന്റെ ദേഹസ്ഥിതിയാകട്ടേ, ദിവസംപ്രതി അധികമധികം അതൃപ്തികരമായിത്തീരുകയായിരുന്നു! ആയൂര്‍വേദവൈദ്യന്മാര്‍ അവരുടെ കുഴമ്പുകളും, ഹക്കീംകള്‍ അവരുടെ പ്ലാസ്തിരികളും, സ്ഥലത്തെ മുറിവൈദ്യന്മാര്‍ അവരുടെ ഒറ്റമരുന്നുകളും എല്ലാം പരീക്ഷിച്ചു നോക്കിക്കഴിഞ്ഞു. ഒരു ഇംഗ്ലീഷ് ഡോക്ടര്‍ അയാളുടെ വിദഗ്ധതയും പരീക്ഷിച്ചുനോക്കിയിരുന്നു
രോഗം സുഖപ്പെടുത്തുവാനുള്ള ഒടുവിലത്തെ ഒറ്റവഴി ഒരു ശസ്ത്രക്രിയയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ കുടുംബവൈദ്യന്‍ അതിനെതിരായിരുന്നു. അച്ഛന്‍ ആ വാര്‍ധക്യദശയില്‍ ശസ്ത്രക്രിയയ്ക്കു വഴിപ്പെടുന്നത് ആപല്ക്കരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ വൈദ്യന്‍ പ്രാപ്തനും പ്രസിദ്ധനുമായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ശസ്ത്രക്രിയ വേണ്ടെന്നുവെച്ചു. അതിനുവേണ്ടി സംഭരിച്ച ഔഷധങ്ങളെല്ലാം വെറുതെയായി. കുടുംബവൈദ്യന്‍ ശസ്ത്രക്രിയ അനുവദിച്ചിരുന്നെങ്കില്‍ രോഗം സുഖപ്പെടുമായിരുന്നു എന്ന് എനിക്കൊരു ധാരണയുണ്ട്; ശസ്ത്രക്രിയ ചെയ്‌വാന്‍ തിരഞ്ഞെടുത്ത ഡോക്ടര്‍ ബോംബെയിലെ ഒരു കേള്‍വികേട്ട ശസ്ത്രക്രിയാവിദഗ്ധനുമാണ്. എന്നാല്‍ ഈശ്വരേച്ഛ മറ്റു പ്രകാരമായിരുന്നു. മരണം ആസന്നമായിരിക്കുമ്പോള്‍ ആര്‍ക്കാണ് ശരിയായ വഴി തോന്നുക! ശസ്ത്രക്രിയയ്ക്കുവേണ്ടി സംഭരിച്ചതും ഇപ്പോള്‍ നിരുപയോഗമായതുമായ വിവിധോപകരണങ്ങളോടുകൂടി അച്ഛന്‍ ബോംബെയില്‍നിന്നു തിരിച്ചെത്തി. ഇനി ജീവിച്ചിരിക്കുമെന്ന ആശ അദ്ദേഹത്തിനു തീരെ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ക്ഷീണം വര്‍ധിച്ചു. ഒടുവില്‍ മലമൂത്രവിസര്‍ജനവും ദേഹശുചീകരണവുമെല്ലാം കിടന്നേടത്തുതന്നെ ചെയ്യുവാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കേണ്ടിവന്നു. എന്നാല്‍ അങ്ങനെ ചെയ്‌വാന്‍ അദ്ദേഹം അവസാനംവരെയും കൂട്ടാക്കിയില്ല.