Sunday, October 12, 2014


ഇന്ന് ഒക്ടോബര്‍ 12 

ലോക കാഴ്ച ദിനം

  വായനക്കാരെ    നിങ്ങള്‍ക്ക് അസ്നയെ അറിയുമോ? 2009 ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ നേടിയ അസന അസ്ലാം. ഗീതു മോഹന്‍ദാസിന്‍റെ കേള്‍ക്കുന്നുണ്ടോയിലെ നായിക. ജന്‍മനാ രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ആ കുട്ടി ശബ്ദത്തിലൂടെയാണ് എല്ലാം തിരിച്ചറിയുന്നത്‌. അതുപോലെ കാഴ്ച നഷ്ട്ടപ്പെട്ട എത്രയോ കുട്ടികള്‍ ഉണ്ടെന്നറിയാമോ. ഒരു രാത്രി കറന്റ് പോയാല്‍  k.s.e.b യെ പഴിക്കുന്ന നമ്മള്‍ കാഴ്ച ഇല്ലാത്തവരെക്കുറിച്ച്   എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ.  നിറവും രൂപവും എന്തെന്നറിയാത്തവര്‍. ശബ്ദത്തിലൂടെയും സ്പര്‍ശനത്തിലൂടെയും കാര്യങ്ങള്‍ അറിയാന്‍ വിധിക്കപ്പെട്ടവര്‍. അവര്‍ക്കും ജീവിതം ഉണ്ട്. അവരും നമ്മളെപ്പോലെ മനുഷ്യരാണ്. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതില്‍പരം പുണ്യം വേറൊന്നുമില്ല.
കാഴ്ച്ചയുടെ പ്രാധാന്യം എത്രത്തോളം ആണെന്ന് നമ്മുക്കെല്ലാം അറിയാം. പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രാധാന്യം കണ്ണിനാണ്. നമ്മുടെ അറിവിന്റെ 80 ശതമാനവും നാം നേടുന്നത് കണ്ണിലൂടെയാണ്. അതുകൊണ്ടാണ് കാഴ്ചയില്ലാത്ത ഒരു വ്യക്തി 80 ശതമാനം മരിച്ചതിനു തുല്യമാണെന്ന് പറയുന്നത്.
കാഴ്ച ഇല്ലാത്തവരുടെ എണ്ണത്തില്‍ ലോകത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യ യാണ്. ലോകത്താകമാനമുള്ള 37 മില്യണ്‍ അന്ധ ജനങ്ങളില്‍ 18 മില്യന്‍  ഇന്ത്യയിലാണ്(). അതില്‍ 75 ശതമാനം ആളുകള്‍ക്കും കാഴ്ച തിരിച്ചു കിട്ടാവുന്നതരത്തിലുള്ള  അന്ധതയാണ്‌. പല കാരണങ്ങള്‍ കൊണ്ട് അന്ധത ഉണ്ടാകാം. കണ്ണിലെ തിമിരം, അധി മര്‍ദം, നേത്ര നാഡിയുടെ രോഗങ്ങള്‍, നേത്ര പടലം സുതാര്യമായി പോവുക എന്നീ പല കാരണങ്ങള്‍ കൊണ്ട് അന്ധത ഉണ്ടാകാം. തിമിര ശസ്ത്രക്രീയയെ കുറിച്ച് ആളുകള്‍ വളരെയധികം ബോധവാന്മാര്‍ ആയതുകൊണ്ട്  തിമിരം മൂലമുള്ള അന്ധത ഒരു പരിധിവരെ കുറഞ്ഞു വരികയാണ്.
 പക്ഷെ ഇന്നും നേത്ര പടലത്തിലെ അന്ധതയെക്കുറിച്ച് ജനങ്ങള്‍ ഒട്ടും തന്നെ ബോധവാന്മാര്‍ അല്ല എന്നുള്ളതാണ് സത്യം. ഇന്ത്യയില്‍ ഉള്ള അന്ധരില്‍ 1.4 മില്യന്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. കുട്ടികളിലെ അന്ധതയില്‍ 26 ശതമാനവും നേത്ര പടലത്തിലെ അന്ധത മൂലമാണ്. അണുബാധ, ആഴത്തിലുള്ള മുറിവുകള്‍, പൊള്ളല്‍, പോഷക ആഹാരക്കുറവു (vitamin-A) ജന്മനാ ഉള്ള തകരാറുകള്‍ എന്നിവ കൊണ്ട് കണ്ണിലെ സുതാര്യമായ നേത്ര പടലം വെളുത്ത്‌ പോകാം. ഇങ്ങനെ നേത്ര പടല അന്ധത ബാധിച്ചവര്‍ക്കാണ് നേത്ര ദാനം കൊണ്ട് ഗുണം ലഭിക്കുന്നത്.
ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ 6 മില്യനില്‍ അധികം ആളുകള്‍ നേത്ര ദാനത്തിലൂടെ  കാഴ്ച തിരിച്ചുകിട്ടാന്‍ സാധ്യത ഉള്ളവരായിട്ടുണ്ട്. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം ആവശ്യമായി വരുന്നത് 2 .5 ലക്ഷത്തില്‍ അധികം നേത്രപടലങ്ങലാണ്. എന്നാല്‍ ഇന്ത്യയില്‍ മുഴുവനുമുള്ള 109 നേത്ര ബാങ്കുകള്‍ ഒരുവര്‍ഷം ശസ്ത്രക്രീയ ക്കായ് ശേഖരിക്കുന്നത് 25000 കണ്ണുകള്‍ മാത്രം, അതില്‍ തന്നെ 30 ശതമാനം പല കാരണങ്ങള്‍ കൊണ്ട്  ഉപയോഗിക്കാന്‍ കഴിയുന്നുമില്ല. അതിനാല്‍തന്നെ ശസ്ത്രക്രിയയ്ക്കുവേണ്ടി പേരു രജിസ്റ്റര്‍ ചെയ്തു വര്‍ഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ അനവധിയാണ്. നേത്ര ദാനത്തെക്കുറിച്ച്  ജനങ്ങള്‍ എത്രത്തോളം ബോധവാന്മാര്‍ ആകെണ്ടിയിരിക്കുന്നു എന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.  മരണശേഷം നശിച്ചുപോകുന്ന കണ്ണുകള്‍ ദാനം ചെയ്യാന്‍ കൂടുതലാളുകള്‍ മുന്നോട്ടു വന്നാല്‍ മാത്രമേ ഇവരുടെ ജീവിതത്തില്‍ വെളിച്ചം കടന്നുചെല്ലുകയുള്ളു.

 


No comments:

Post a Comment