Thursday, October 2, 2014


മാതൃഭൂമി സാഹിത്യപുരസ്‌കാരം സുഗതകുമാരിക്ക്‌ 
ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് കവയിത്രി സുഗതകുമാരി അര്‍ഹയായി. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ചെയര്‍മാനും കവി സച്ചിദാനന്ദന്‍, പ്രമുഖ നിരൂപക ഡോ. എം ലീലാവതി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സുഗതകുമാരിയെ പതിമൂന്നാമത് മാതൃഭൂമി പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് എന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാറും മാനേജിങ്ങ് എഡിറ്റര്‍ പി.വി ചന്ദ്രനും അറിയിച്ചു.

ഭൂമിക്കും അതിലെ സകല സസ്യജന്തുജാലങ്ങള്‍ക്കും സ്‌നേഹാമൃതം പകര്‍ന്നുനല്‍കുന്ന കവിതയാണ് സുഗതകുമാരിയുടേതെന്ന് പുരസ്‌കാര നിര്‍ണയസമിതി വിലയിരുത്തി. പതിറ്റാണ്ടുകളായി അനുവാചകര്‍ ഈ കാവ്യവൃക്ഷത്തിന്റെ ശീതളിമയാര്‍ന്ന പൂന്തണലും പ്രാണവായുവും പൂക്കളും തേനും കനികളുമൊക്കെ നുകര്‍ന്നുകൊണ്ടിരിക്കുന്നു. സ്‌നേഹത്തിന്റെയും ധര്‍മസങ്കടങ്ങളുടെയും കുസുമങ്ങള്‍ വിടര്‍ന്നുവിലസുന്ന ജൈവസമ്പന്നമായ വിശാലമായ താഴ് വരയിലേയ്ക്ക് നാം ആ കവിതയിലൂടെ പ്രവേശിച്ച് അതിന്റെ ഗന്ധവും ബന്ധവും അനുഭവിച്ചറിഞ്ഞു. കവിതയില്‍മാത്രമൊതുങ്ങുന്നതല്ല സുഗതകുമാരിയുടെ പ്രതിജ്ഞാബദ്ധത. കാല്‍പ്പനികവും ദാര്‍ശനികവുമായ ഒരുതലത്തില്‍ അത് അവര്‍ കവിതയിലൂടെ പകര്‍ന്നുതന്നു. പ്രകൃതിയുടെ നേര്‍ക്കും സമൂഹത്തിന്റെ നേര്‍ക്കും ഉയരുന്ന ചോദ്യങ്ങളെ സത്യാന്വേഷണത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും പ്രതികരണങ്ങളാല്‍ സാര്‍ത്ഥകമാക്കിക്കൊണ്ട് സമൂഹത്തിനോട് നിര്‍ണായകമായ കടമ ഓരോ മനുഷ്യനും എഴുത്തുകാരനുമുണ്ട് എന്ന് സുഗതകുമാരി നിരന്തരം ഓര്‍മിപ്പിക്കുന്നു-സമിതി വിലയിരുത്തി.

കവിയും സ്വാതന്ത്ര്യസമരസേനാനിയും അടിയുറച്ച ഗാന്ധിയനുമായ ബോധേശ്വരന്റെയും പ്രൊഫ. വി.കെ കാര്‍ത്യായനി അമ്മയുടേയും മകളായി ജനിച്ച സുഗതകുമാരി ചെറുപ്പത്തിലേ കവിതയെഴുതിത്തുടങ്ങി. അരനൂറ്റാണ്ടിനകത്ത് അവര്‍ എഴുതിയ ഭൂരിപക്ഷം കവിതകളും 'മാതൃഭൂമി' ആഴ്ചപ്പതിപ്പാണ് പ്രസിദ്ധീകരിച്ചത്. 'പാതിരാപ്പൂക്കള്‍', 'രാത്രിമഴ', 'അമ്പലമണി', 'കൃഷ്ണകവിതകള്‍', 'കുറിഞ്ഞിപ്പൂക്കള്‍', 'തുലാവര്‍ഷപ്പച്ച' 'രാധയെവിടെ?' എന്നിവയാണ് സുഗതകുമാരിയുടെ പ്രധാനകൃതികള്‍.

പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി എഴുത്തിലൂടെയും സ്വജീവിതംകൊണ്ടും നിരന്തരം സമരംചെയ്യുന്നു സുഗതകുമാരി. 2006-ല്‍ രാഷ്ട്രം അവരെ പത്മശ്രീ നല്‍കി ആദരിച്ചു.

കുട്ടികള്‍ക്കുള്ള 'തളിര്‍' മാസികയുടെ പത്രാധിപ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ-എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണസമിതിയുടേയും 'അഭയ'യുടേയും സ്ഥാപകസെക്രട്ടറിയാണ്. ഭര്‍ത്താവ്: പരേതനായ ഡോ. കെ. വേലായുധന്‍നായര്‍, മകള്‍: ലക്ഷ്മീദേവി. മാതൃഭൂമിയുടെ പിറവിയുടെ തൊണ്ണൂറാം വര്‍ഷത്തിലാണ് സുഗതകുമാരിക്ക് മാതൃഭൂമി സാഹിത്യപുരസ്‌ക്കാരം നല്‍കുന്നത്.

No comments:

Post a Comment