Thursday, October 2, 2014

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന് 12 വയസ്സ് 

  വാര്‍ഷികാഘോഷം 14 ന് തൃശ്ശൂരില്‍

കമ്പ്യൂട്ടര്‍ ഉപയോഗത്തിന് ഭാഷ തടസ്സമാകരുതെന്ന ലക്ഷ്യവുമായി 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്' യാഥാര്‍ഥ്യമായിട്ട് ഒരു വ്യാഴവട്ടം തികഞ്ഞു. മലയാള ഭാഷയെ അതിന്റെ തനിയമയും സൗന്ദര്യവും ചോരാതെ ഡിജിറ്റല്‍ യുഗത്തിലേക്ക് ആനയിക്കുക വഴി വിപ്ലവകരമായ മാറ്റമാണ് ഇത് ഈ മേഖലയിലുണ്ടാക്കിയത്.കോഴിക്കോട് എന്‍.ഐ.ടി. വിദ്യാര്‍ത്ഥിയായിരുന്ന എം.ബൈജു 2001 ല്‍ ആരംഭിച്ച മലയാളം ലിനക്‌സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണ് 10 മാസങ്ങള്‍ക്കുശേഷം 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ SMC  എന്ന പേരിലേക്ക് മാറിയത്. തുടര്‍ന്നുള്ള 12 വര്‍ഷം കൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങ് മറ്റേതു ഭാഷക്കും മാതൃകയാകുന്ന വിധത്തില്‍ വളര്‍ന്നു.
സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് എത്തിക്കുക, ഭാഷാ കമ്പ്യൂട്ടിങ്ങിന് വേണ്ട സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക, ഭാഷാ സാങ്കേതികവിദ്യയില്‍ സ്വയംപര്യാപ്തത, ഭാഷാ സാങ്കേതികവിദ്യാ വിദഗ്ദരെ വാര്‍ത്തെടുക്കുക തുടങ്ങിയവയും ഈ കൂട്ടായമയുടെ ലക്ഷ്യമായിരുന്നു.സ്വതന്ത്ര സോഫ്റ്റ്‌വേറുകളുടെ പ്രാദേശികവത്ക്കരണം, ഫോണ്ടുകളുടെ നിര്‍മ്മാണവും പുതുക്കലും, കമ്പ്യൂട്ടര്‍/മൊബൈല്‍ സമ്പര്‍ക്കമുഖങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം ഉറപ്പുവരുത്തല്‍, മലയാളം ടൈപ്പ് ചെയ്യാനുള്ള സംവിധാനം...തുടങ്ങി ഭാഷാകമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്' വിജയകരമായി ഇടപെടലുകള്‍ നടത്തി കഴിഞ്ഞു. നിരവധി സര്‍ക്കാര്‍/ സര്‍ക്കാരിതര കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയും ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന് മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഐ .ടി. അറ്റ് സ്‌കൂളിലെ മലയാള ലഭ്യത, കേരള സര്‍ക്കാറിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പയിന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാനുള്ള സ്വതന്ത്ര സാങ്കേതിക അടിത്തറ നിര്‍മ്മിക്കാനായതും ഈ കൂട്ടായ്മയുടെ നേട്ടമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റവെയര്‍ ഡെവലപ്പര്‍ കൂടിയാണ് ഇത്. പന്ത്രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 14,15 തിയ്യതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന സമ്മേളനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
രാവിലെ 9.30 ന് ഐസിഫോസ്സ് ഡയറക്ടര്‍ സതീഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.ജി.നാഗര്‍ജ്ജുന മുഖ്യ പ്രഭാഷണം നടത്തും. മലയാളം കമ്പ്യൂട്ടിങ്ങ് പുതു സാധ്യതകളും വെല്ലുവിളികളും, മാധ്യമങ്ങളും കമ്പ്യൂട്ടിങ്ങും, മലയാളം കമ്പ്യൂട്ടിങ്ങിലെ സംരംഭകത്വവും പുതുസാധ്യതകളും, മലയാള ഭാഷ ഘടനയും കമ്പ്യൂട്ടിങ്ങും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. 

No comments:

Post a Comment