Thursday, October 2, 2014



ഇന്ന് ഗാന്ധി ജയന്തി

എന്റെ ലജ്ജാഭാരം മഹാത്മാഗാന്ധി


മഹാത്മാഗാന്ധിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങളി'ല്‍ നിന്ന് ഒരു ഭാഗം.
ഇപ്പോള്‍ ഞാന്‍ പറയുന്ന സംഗതി നടക്കുമ്പോള്‍ എനിക്കു പതിനാറു വയസ്സാണ്. എന്റെ അച്ഛന്‍ ഭഗന്ദരം ബാധിച്ചു കിടപ്പിലായിരുന്നു എന്നു പറഞ്ഞുവല്ലോ. അദ്ദേഹത്തെ ശുശ്രൂഷിച്ചുപോന്നതു, പ്രധാനമായി അമ്മയും ഒരു പഴയ ഭൃത്യനും ഞാനുമാണ്. ഞാന്‍ ഒരു നഴ്‌സിന്റെ പ്രവൃത്തി നിര്‍വഹിച്ചുപോന്നു; അതു കാര്യമായി അച്ഛന്റെ മുറി കെട്ടലും, അച്ഛനു മരുന്നുകൊടുക്കലും, വീട്ടില്‍വെച്ചു മരുന്നു കൂട്ടിച്ചേര്‍ത്തു തയ്യാറാക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതു ചെയ്യലുമാണ്. എല്ലാ ദിവസവും രാത്രി ഞാന്‍ അദ്ദേഹത്തിനു കാല്‍ തലോടിക്കൊടുക്കും, അച്ഛന്‍ അനുവാദം തരികയോ ഉറങ്ങുകയോ ചെയ്തശേഷമേ ഞാന്‍ കിടക്കുവാന്‍ പോവൂ. ഇപ്രകാരമുള്ള ശുശ്രൂഷ ചെയ്യുന്നത് എനിക്ക് വളരെ പ്രിയമായിരുന്നു. അതില്‍ ഒരിക്കലും ഉപേക്ഷ കാണിച്ചതായി ഞാനോര്‍മിക്കുന്നില്ല.
നിത്യകൃത്യങ്ങള്‍ക്കുശേഷമുള്ള ഒഴിവുസമയം മുഴുവനും സ്‌കൂള്‍പഠിപ്പിനും അച്ഛനെ ശുശ്രൂഷിക്കുന്നതിനുമായിട്ടാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. അച്ഛന്‍ അനുവദിച്ചെങ്കിലോ അച്ഛന് ആശ്വാസമുണ്ടായിരുന്നുവെങ്കിലോ മാത്രം വൈകുന്നേരം ഞാന്‍ നടക്കുവാന്‍ പോകാറുണ്ടായിരുന്നു.

ഇക്കാലത്ത് എന്റെ പത്‌നി ഗര്‍ഭിണിയായിരുന്നു. ഇത് എനിക്ക് ഇരട്ടി ലജ്ജയ്ക്കു വകയാണെന്ന് ഇപ്പോള്‍ എനിക്കു തോന്നുന്നുണ്ട്. ഒന്നാമത്തെ അപമാനം, ഞാനെന്റെ പ്രലോഭനം അടക്കിനിര്‍ത്തിയില്ലെന്നതാണ്; സംയമം ഒരു വിദ്യാര്‍ഥിയുടെ നിലയില്‍ എന്റെ മുറയായിരുന്നു. രണ്ടാമത്തെ അപമാനം എന്റെ വിഷയാസക്തി എന്റെ വിദ്യാഭ്യാസസംബന്ധമായ ചുമതലകളേയും അവയേക്കാള്‍ തുലോം വലിയ ധര്‍മമായ പിതൃഭക്തിയേയും കവിഞ്ഞുനിന്നു എന്നതാണ്. ചെറുപ്പംമുതല്‌ക്കേ പിതൃഭക്തിയില്‍ ശ്രവണനെ മാതൃകയായി കരുതിപ്പോന്ന എനിക്ക്, ഈ ഒടുവില്‍ പറഞ്ഞ ധര്‍മം ഞാന്‍ വിസ്മരിച്ചു എന്നുള്ളതു പ്രത്യേകിച്ചും ലജ്ജാകരമായ ഒരു സംഗതിയാണെന്നു പറയേണ്ടതില്ലല്ലോ. രാത്രിസമയത്ത് അച്ഛന്റെ കാല്‍ തടവിക്കൊണ്ടിരിക്കുമ്പോഴെല്ലാം എന്റെ മനസ്സ് ശയനമുറിയില്‍ ചുറ്റിത്തിരിയുകയായിരുന്നു. ധര്‍മശാസ്ത്രവും വൈദ്യശാസ്ത്രവും വിവേകവും എല്ലാം സ്ത്രീസംസര്‍ഗത്തെ വിരോധിച്ചിട്ടുള്ള ഒരു സന്ദര്‍ഭത്തിലാണ് എന്റെ മനസ്സ് ഇങ്ങനെ വിഷയാസക്തിക്ക് അധീനമായിരുന്നത്. അച്ഛനെ ശുശ്രൂഷിക്കുന്നതില്‍നിന്ന് ഒഴിവു കിട്ടുന്നത് എനിക്ക് എപ്പോഴും സന്തോഷമായിരുന്നു. ഒഴിവു കിട്ടിയ ഉടനെ അച്ഛനെ വന്ദിച്ചു നേരിട്ടു ശയനമുറിയിലേക്കു പോവുകയാണ് ഞാന്‍ ചെയ്തിരുന്നത്.
അച്ഛന്റെ ദേഹസ്ഥിതിയാകട്ടേ, ദിവസംപ്രതി അധികമധികം അതൃപ്തികരമായിത്തീരുകയായിരുന്നു! ആയൂര്‍വേദവൈദ്യന്മാര്‍ അവരുടെ കുഴമ്പുകളും, ഹക്കീംകള്‍ അവരുടെ പ്ലാസ്തിരികളും, സ്ഥലത്തെ മുറിവൈദ്യന്മാര്‍ അവരുടെ ഒറ്റമരുന്നുകളും എല്ലാം പരീക്ഷിച്ചു നോക്കിക്കഴിഞ്ഞു. ഒരു ഇംഗ്ലീഷ് ഡോക്ടര്‍ അയാളുടെ വിദഗ്ധതയും പരീക്ഷിച്ചുനോക്കിയിരുന്നു
രോഗം സുഖപ്പെടുത്തുവാനുള്ള ഒടുവിലത്തെ ഒറ്റവഴി ഒരു ശസ്ത്രക്രിയയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ കുടുംബവൈദ്യന്‍ അതിനെതിരായിരുന്നു. അച്ഛന്‍ ആ വാര്‍ധക്യദശയില്‍ ശസ്ത്രക്രിയയ്ക്കു വഴിപ്പെടുന്നത് ആപല്ക്കരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ വൈദ്യന്‍ പ്രാപ്തനും പ്രസിദ്ധനുമായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ശസ്ത്രക്രിയ വേണ്ടെന്നുവെച്ചു. അതിനുവേണ്ടി സംഭരിച്ച ഔഷധങ്ങളെല്ലാം വെറുതെയായി. കുടുംബവൈദ്യന്‍ ശസ്ത്രക്രിയ അനുവദിച്ചിരുന്നെങ്കില്‍ രോഗം സുഖപ്പെടുമായിരുന്നു എന്ന് എനിക്കൊരു ധാരണയുണ്ട്; ശസ്ത്രക്രിയ ചെയ്‌വാന്‍ തിരഞ്ഞെടുത്ത ഡോക്ടര്‍ ബോംബെയിലെ ഒരു കേള്‍വികേട്ട ശസ്ത്രക്രിയാവിദഗ്ധനുമാണ്. എന്നാല്‍ ഈശ്വരേച്ഛ മറ്റു പ്രകാരമായിരുന്നു. മരണം ആസന്നമായിരിക്കുമ്പോള്‍ ആര്‍ക്കാണ് ശരിയായ വഴി തോന്നുക! ശസ്ത്രക്രിയയ്ക്കുവേണ്ടി സംഭരിച്ചതും ഇപ്പോള്‍ നിരുപയോഗമായതുമായ വിവിധോപകരണങ്ങളോടുകൂടി അച്ഛന്‍ ബോംബെയില്‍നിന്നു തിരിച്ചെത്തി. ഇനി ജീവിച്ചിരിക്കുമെന്ന ആശ അദ്ദേഹത്തിനു തീരെ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ക്ഷീണം വര്‍ധിച്ചു. ഒടുവില്‍ മലമൂത്രവിസര്‍ജനവും ദേഹശുചീകരണവുമെല്ലാം കിടന്നേടത്തുതന്നെ ചെയ്യുവാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കേണ്ടിവന്നു. എന്നാല്‍ അങ്ങനെ ചെയ്‌വാന്‍ അദ്ദേഹം അവസാനംവരെയും കൂട്ടാക്കിയില്ല.

No comments:

Post a Comment