Thursday, October 2, 2014

ഇഞ്ചിയോണ്‍: ഹോക്കിയില്‍ പുരുഷന്മാര്‍ വമ്പു കാട്ടി പൊന്നണിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇഞ്ചിയോണിലെ നീലട്രാക്കിനെ ഇന്ത്യന്‍ പെണ്‍പ്പറവകളും പൊന്നണിച്ചു. വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ ഗെയിംസ് റെക്കോഡ് തിരുത്തിക്കുറിച്ച് പറന്നുകൊണ്ടാണ് ടിന്റു ലൂക്കയും കൂട്ടരും സ്വര്‍ണം നേടിയത്. 3:28.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ടിന്റു ലൂക്കയും പ്രിയങ്ക പവാറും മന്‍ദീപ് കൗറും എം.ആര്‍. പൂവമ്മയും നാലു വര്‍ഷം മുന്‍പ് ഗ്വാങ്ഷുവില്‍ ഇന്ത്യന്‍ ടീം തന്നെ കുറിച്ച റെക്കോഡാണ് പഴങ്കഥയാക്കിയത്. അന്ന് 3.29.02 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റെക്കോഡിട്ട ടീമിലെ അംഗങ്ങളായിരുന്നു പൂവമ്മയും മന്‍ദീപ് കൗറും. ടിന്റുവിന്റെയും പ്രിയങ്ക പവാറിന്റെയും ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്.

കഴിഞ്ഞ ദിവസം 800 മീറ്ററില്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട സ്വര്‍ണം നഷ്ടപ്പെട്ടതിന്റെ സങ്കടം തീര്‍ക്കാന്‍ ഉറച്ചിറങ്ങിയ ടിന്റുവിന്റെ കുതിപ്പാണ് ഇന്ത്യയെ സ്വര്‍ണമണിയിച്ചത്. പ്രിയങ്ക ഓടിയ ആദ്യ ലാപ്പില്‍ ഇന്ത്യ ജപ്പാന് പിറകിലായിരുന്നു. എന്നാല്‍, പ്രിയങ്കയില്‍ നിന്ന് ബാറ്റണ്‍ ഏറ്റുവാങ്ങിയ ടിന്റു കാലില്‍ അത്ഭുതവേഗം ആവാഹിച്ച് പറന്ന് 200 മീറ്ററോടെ തന്നെ ജപ്പാന്റെ രണ്ടാം ലാപ്പുകാരി നനാകൊ മത്‌സുമൊട്ടോയെ മറികടന്നു. ടിന്റുവില്‍ നിന്ന് ബാറ്റണ്‍ കൈമാറിക്കിട്ടിയ മന്‍ദീപ് കൗറിന് ജപ്പാന്റെ കാന ഇചികാവയില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. എന്നാല്‍, അനുഭവസമ്പത്തിന്റെ കരുത്തില്‍ കുതിച്ച മന്‍ദീപ് ബാറ്റന്‍ ലീഡോടെ തന്നെ അവസാന ലാപ്പുകാരി പൂവമ്മയ്ക്ക് ഏല്‍പിച്ചു. പൂവമ്മയുടെ ഉജ്വലമായ സ്പ്രിന്റിങ് ശേഷിയെ മറികടക്കാന്‍ ജപ്പാന്റെ അവസാന ലാപ്പുകാരി അസാമി ചിബയ്ക്ക് കഴിഞ്ഞതേയില്ല. 25 മീറ്ററിലേറെ ദൂരത്തിന്റെ വ്യത്യാസത്തില്‍ പൂവമ്മയുടെ ഗോള്‍ഡന്‍ ഫിനിഷ്. 20 സെക്കന്‍ഡ് കഴിഞ്ഞാണ് അസാമി ടേപ്പ് തൊട്ടത്. സമയം: 3:30.80 സെക്കന്‍ഡ്. 3.32.02 സെക്കന്‍ഡില്‍ ചൈന വെങ്കലമണിഞ്ഞു.

No comments:

Post a Comment