Thursday, October 2, 2014



എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' പഞ്ചാബിയിലും കശ്മീരിയിലും
അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' ഇനി കശ്മീരി, പഞ്ചാബി ഭാഷകളിലും വായിക്കാം.

വ്യാഴാഴ്ച രാഷ്ട്രം ഗാന്ധിജിയുടെ 145-ാം ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് പഞ്ചാബി, കശ്മീരി ഭാഷകളിലുള്ള ആത്മകഥാപ്പതിപ്പ് പുറത്തിറക്കുകയെന്ന് നവജീവന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി വിവേക് ദേശായി പറഞ്ഞു. 1929-ല്‍ ഗാന്ധിജിയാണ് നവജീവന്‍ ട്രസ്റ്റ് സ്ഥാപിച്ചത്.

ഇതോടെ രാജ്യത്തെ 17 ഭാഷകളില്‍ എന്റെ സത്യാന്വേഷണ കഥകള്‍ ലഭ്യമാകും. ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി, മറാഠി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, ബംഗാളി, മലയാളം, അസമീസ്, ഒറിയ, മണിപ്പുരി, സംസ്‌കൃതം, കൊങ്കണി ഭാഷകളിലാണ് ആത്മകഥ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
ഗാന്ധിജിയുടെ തത്ത്വങ്ങളും ചിന്തകളും കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് കശ്മീരി, പഞ്ചാബി ഭാഷകളിലും ആത്മകഥ പ്രസിദ്ധീകരിച്ചതെന്ന് വിവേക് ദേശായി പറഞ്ഞു. സുരീന്ദര്‍ ബന്‍സാലാണ് പഞ്ചാബി വിവര്‍ത്തനം നിര്‍വഹിച്ചത്. കശ്മീരിയില്‍ ഗുലാം നബി ഖയാലാണ് വിവര്‍ത്തകന്‍.

രാജ്യത്തെ പ്രധാന ഭാഷകള്‍ക്ക് പുറമേ 30 വിദേശ ഭാഷകളിലും ഗാന്ധിജിയുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ നവജീവന്‍ ട്രസ്റ്റ് അനുമതി നല്‍കിയിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ യൂറോപ്യന്‍-ഏഷ്യന്‍ ഭാഷകളിലും ഗാന്ധിയന്‍ പുസ്തകങ്ങള്‍ ലഭ്യമാണ്.
രക്ഷകനായി ശ്രീജേഷ്; 
ഹോക്കി സ്വര്‍ണം ഇന്ത്യയ്ക്ക്‌

ഇഞ്ചിയോണ്‍: ഗാന്ധിജയന്തി ദിനത്തില്‍ ഓര്‍ത്തുവയ്ക്കാന്‍ ഇന്ത്യയ്ക്കിതാ അവിസ്മരണീയമായൊരു വിജയം. സ്വപ്‌നഫൈനലില്‍ പാകിസ്താനെ തോല്‍പിച്ച് പതിനെട്ട് വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം മാറിലണിഞ്ഞു. ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ സ്വപ്‌നതുല്ല്യമായ വിജയം (4-2). രണ്ടു ഷോട്ടുകള്‍ തടഞ്ഞ മലയാളി ഗോള്‍ പി.ആര്‍. ശ്രീജേഷാണ് ഇന്ത്യന്‍ വിജയത്തിന്റെ ചുക്കാന്‍ പിടിച്ചത്. 

ഇഞ്ചിയോണ്‍: ഹോക്കിയില്‍ പുരുഷന്മാര്‍ വമ്പു കാട്ടി പൊന്നണിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇഞ്ചിയോണിലെ നീലട്രാക്കിനെ ഇന്ത്യന്‍ പെണ്‍പ്പറവകളും പൊന്നണിച്ചു. വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ ഗെയിംസ് റെക്കോഡ് തിരുത്തിക്കുറിച്ച് പറന്നുകൊണ്ടാണ് ടിന്റു ലൂക്കയും കൂട്ടരും സ്വര്‍ണം നേടിയത്. 3:28.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ടിന്റു ലൂക്കയും പ്രിയങ്ക പവാറും മന്‍ദീപ് കൗറും എം.ആര്‍. പൂവമ്മയും നാലു വര്‍ഷം മുന്‍പ് ഗ്വാങ്ഷുവില്‍ ഇന്ത്യന്‍ ടീം തന്നെ കുറിച്ച റെക്കോഡാണ് പഴങ്കഥയാക്കിയത്. അന്ന് 3.29.02 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റെക്കോഡിട്ട ടീമിലെ അംഗങ്ങളായിരുന്നു പൂവമ്മയും മന്‍ദീപ് കൗറും. ടിന്റുവിന്റെയും പ്രിയങ്ക പവാറിന്റെയും ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്.

കഴിഞ്ഞ ദിവസം 800 മീറ്ററില്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട സ്വര്‍ണം നഷ്ടപ്പെട്ടതിന്റെ സങ്കടം തീര്‍ക്കാന്‍ ഉറച്ചിറങ്ങിയ ടിന്റുവിന്റെ കുതിപ്പാണ് ഇന്ത്യയെ സ്വര്‍ണമണിയിച്ചത്. പ്രിയങ്ക ഓടിയ ആദ്യ ലാപ്പില്‍ ഇന്ത്യ ജപ്പാന് പിറകിലായിരുന്നു. എന്നാല്‍, പ്രിയങ്കയില്‍ നിന്ന് ബാറ്റണ്‍ ഏറ്റുവാങ്ങിയ ടിന്റു കാലില്‍ അത്ഭുതവേഗം ആവാഹിച്ച് പറന്ന് 200 മീറ്ററോടെ തന്നെ ജപ്പാന്റെ രണ്ടാം ലാപ്പുകാരി നനാകൊ മത്‌സുമൊട്ടോയെ മറികടന്നു. ടിന്റുവില്‍ നിന്ന് ബാറ്റണ്‍ കൈമാറിക്കിട്ടിയ മന്‍ദീപ് കൗറിന് ജപ്പാന്റെ കാന ഇചികാവയില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. എന്നാല്‍, അനുഭവസമ്പത്തിന്റെ കരുത്തില്‍ കുതിച്ച മന്‍ദീപ് ബാറ്റന്‍ ലീഡോടെ തന്നെ അവസാന ലാപ്പുകാരി പൂവമ്മയ്ക്ക് ഏല്‍പിച്ചു. പൂവമ്മയുടെ ഉജ്വലമായ സ്പ്രിന്റിങ് ശേഷിയെ മറികടക്കാന്‍ ജപ്പാന്റെ അവസാന ലാപ്പുകാരി അസാമി ചിബയ്ക്ക് കഴിഞ്ഞതേയില്ല. 25 മീറ്ററിലേറെ ദൂരത്തിന്റെ വ്യത്യാസത്തില്‍ പൂവമ്മയുടെ ഗോള്‍ഡന്‍ ഫിനിഷ്. 20 സെക്കന്‍ഡ് കഴിഞ്ഞാണ് അസാമി ടേപ്പ് തൊട്ടത്. സമയം: 3:30.80 സെക്കന്‍ഡ്. 3.32.02 സെക്കന്‍ഡില്‍ ചൈന വെങ്കലമണിഞ്ഞു.


ഇന്ന് ഗാന്ധി ജയന്തി

എന്റെ ലജ്ജാഭാരം മഹാത്മാഗാന്ധി


മഹാത്മാഗാന്ധിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങളി'ല്‍ നിന്ന് ഒരു ഭാഗം.
ഇപ്പോള്‍ ഞാന്‍ പറയുന്ന സംഗതി നടക്കുമ്പോള്‍ എനിക്കു പതിനാറു വയസ്സാണ്. എന്റെ അച്ഛന്‍ ഭഗന്ദരം ബാധിച്ചു കിടപ്പിലായിരുന്നു എന്നു പറഞ്ഞുവല്ലോ. അദ്ദേഹത്തെ ശുശ്രൂഷിച്ചുപോന്നതു, പ്രധാനമായി അമ്മയും ഒരു പഴയ ഭൃത്യനും ഞാനുമാണ്. ഞാന്‍ ഒരു നഴ്‌സിന്റെ പ്രവൃത്തി നിര്‍വഹിച്ചുപോന്നു; അതു കാര്യമായി അച്ഛന്റെ മുറി കെട്ടലും, അച്ഛനു മരുന്നുകൊടുക്കലും, വീട്ടില്‍വെച്ചു മരുന്നു കൂട്ടിച്ചേര്‍ത്തു തയ്യാറാക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതു ചെയ്യലുമാണ്. എല്ലാ ദിവസവും രാത്രി ഞാന്‍ അദ്ദേഹത്തിനു കാല്‍ തലോടിക്കൊടുക്കും, അച്ഛന്‍ അനുവാദം തരികയോ ഉറങ്ങുകയോ ചെയ്തശേഷമേ ഞാന്‍ കിടക്കുവാന്‍ പോവൂ. ഇപ്രകാരമുള്ള ശുശ്രൂഷ ചെയ്യുന്നത് എനിക്ക് വളരെ പ്രിയമായിരുന്നു. അതില്‍ ഒരിക്കലും ഉപേക്ഷ കാണിച്ചതായി ഞാനോര്‍മിക്കുന്നില്ല.
നിത്യകൃത്യങ്ങള്‍ക്കുശേഷമുള്ള ഒഴിവുസമയം മുഴുവനും സ്‌കൂള്‍പഠിപ്പിനും അച്ഛനെ ശുശ്രൂഷിക്കുന്നതിനുമായിട്ടാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. അച്ഛന്‍ അനുവദിച്ചെങ്കിലോ അച്ഛന് ആശ്വാസമുണ്ടായിരുന്നുവെങ്കിലോ മാത്രം വൈകുന്നേരം ഞാന്‍ നടക്കുവാന്‍ പോകാറുണ്ടായിരുന്നു.

ഇക്കാലത്ത് എന്റെ പത്‌നി ഗര്‍ഭിണിയായിരുന്നു. ഇത് എനിക്ക് ഇരട്ടി ലജ്ജയ്ക്കു വകയാണെന്ന് ഇപ്പോള്‍ എനിക്കു തോന്നുന്നുണ്ട്. ഒന്നാമത്തെ അപമാനം, ഞാനെന്റെ പ്രലോഭനം അടക്കിനിര്‍ത്തിയില്ലെന്നതാണ്; സംയമം ഒരു വിദ്യാര്‍ഥിയുടെ നിലയില്‍ എന്റെ മുറയായിരുന്നു. രണ്ടാമത്തെ അപമാനം എന്റെ വിഷയാസക്തി എന്റെ വിദ്യാഭ്യാസസംബന്ധമായ ചുമതലകളേയും അവയേക്കാള്‍ തുലോം വലിയ ധര്‍മമായ പിതൃഭക്തിയേയും കവിഞ്ഞുനിന്നു എന്നതാണ്. ചെറുപ്പംമുതല്‌ക്കേ പിതൃഭക്തിയില്‍ ശ്രവണനെ മാതൃകയായി കരുതിപ്പോന്ന എനിക്ക്, ഈ ഒടുവില്‍ പറഞ്ഞ ധര്‍മം ഞാന്‍ വിസ്മരിച്ചു എന്നുള്ളതു പ്രത്യേകിച്ചും ലജ്ജാകരമായ ഒരു സംഗതിയാണെന്നു പറയേണ്ടതില്ലല്ലോ. രാത്രിസമയത്ത് അച്ഛന്റെ കാല്‍ തടവിക്കൊണ്ടിരിക്കുമ്പോഴെല്ലാം എന്റെ മനസ്സ് ശയനമുറിയില്‍ ചുറ്റിത്തിരിയുകയായിരുന്നു. ധര്‍മശാസ്ത്രവും വൈദ്യശാസ്ത്രവും വിവേകവും എല്ലാം സ്ത്രീസംസര്‍ഗത്തെ വിരോധിച്ചിട്ടുള്ള ഒരു സന്ദര്‍ഭത്തിലാണ് എന്റെ മനസ്സ് ഇങ്ങനെ വിഷയാസക്തിക്ക് അധീനമായിരുന്നത്. അച്ഛനെ ശുശ്രൂഷിക്കുന്നതില്‍നിന്ന് ഒഴിവു കിട്ടുന്നത് എനിക്ക് എപ്പോഴും സന്തോഷമായിരുന്നു. ഒഴിവു കിട്ടിയ ഉടനെ അച്ഛനെ വന്ദിച്ചു നേരിട്ടു ശയനമുറിയിലേക്കു പോവുകയാണ് ഞാന്‍ ചെയ്തിരുന്നത്.
അച്ഛന്റെ ദേഹസ്ഥിതിയാകട്ടേ, ദിവസംപ്രതി അധികമധികം അതൃപ്തികരമായിത്തീരുകയായിരുന്നു! ആയൂര്‍വേദവൈദ്യന്മാര്‍ അവരുടെ കുഴമ്പുകളും, ഹക്കീംകള്‍ അവരുടെ പ്ലാസ്തിരികളും, സ്ഥലത്തെ മുറിവൈദ്യന്മാര്‍ അവരുടെ ഒറ്റമരുന്നുകളും എല്ലാം പരീക്ഷിച്ചു നോക്കിക്കഴിഞ്ഞു. ഒരു ഇംഗ്ലീഷ് ഡോക്ടര്‍ അയാളുടെ വിദഗ്ധതയും പരീക്ഷിച്ചുനോക്കിയിരുന്നു
രോഗം സുഖപ്പെടുത്തുവാനുള്ള ഒടുവിലത്തെ ഒറ്റവഴി ഒരു ശസ്ത്രക്രിയയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ കുടുംബവൈദ്യന്‍ അതിനെതിരായിരുന്നു. അച്ഛന്‍ ആ വാര്‍ധക്യദശയില്‍ ശസ്ത്രക്രിയയ്ക്കു വഴിപ്പെടുന്നത് ആപല്ക്കരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ വൈദ്യന്‍ പ്രാപ്തനും പ്രസിദ്ധനുമായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ശസ്ത്രക്രിയ വേണ്ടെന്നുവെച്ചു. അതിനുവേണ്ടി സംഭരിച്ച ഔഷധങ്ങളെല്ലാം വെറുതെയായി. കുടുംബവൈദ്യന്‍ ശസ്ത്രക്രിയ അനുവദിച്ചിരുന്നെങ്കില്‍ രോഗം സുഖപ്പെടുമായിരുന്നു എന്ന് എനിക്കൊരു ധാരണയുണ്ട്; ശസ്ത്രക്രിയ ചെയ്‌വാന്‍ തിരഞ്ഞെടുത്ത ഡോക്ടര്‍ ബോംബെയിലെ ഒരു കേള്‍വികേട്ട ശസ്ത്രക്രിയാവിദഗ്ധനുമാണ്. എന്നാല്‍ ഈശ്വരേച്ഛ മറ്റു പ്രകാരമായിരുന്നു. മരണം ആസന്നമായിരിക്കുമ്പോള്‍ ആര്‍ക്കാണ് ശരിയായ വഴി തോന്നുക! ശസ്ത്രക്രിയയ്ക്കുവേണ്ടി സംഭരിച്ചതും ഇപ്പോള്‍ നിരുപയോഗമായതുമായ വിവിധോപകരണങ്ങളോടുകൂടി അച്ഛന്‍ ബോംബെയില്‍നിന്നു തിരിച്ചെത്തി. ഇനി ജീവിച്ചിരിക്കുമെന്ന ആശ അദ്ദേഹത്തിനു തീരെ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ക്ഷീണം വര്‍ധിച്ചു. ഒടുവില്‍ മലമൂത്രവിസര്‍ജനവും ദേഹശുചീകരണവുമെല്ലാം കിടന്നേടത്തുതന്നെ ചെയ്യുവാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കേണ്ടിവന്നു. എന്നാല്‍ അങ്ങനെ ചെയ്‌വാന്‍ അദ്ദേഹം അവസാനംവരെയും കൂട്ടാക്കിയില്ല.

Wednesday, October 1, 2014

 OCTOBER 1

രക്തദാനം മഹാദാനം; ഇന്ന് അന്താരാഷ്ട്ര രക്തദാന ദിനം




രക്തദാനം മഹാദാനമാണെന്നറിയിച്ച് ജൂണ്‍ പതിനാല് ലോക രക്തദാതാക്കളുടെ ദിനം. ഒരാള്‍ സ്വന്തം സമ്മതത്തോടെ മറ്റൊരാള്‍ക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. അതിനാലാണ് രക്തദാനം മഹാദാനമായി മാറുന്നത്. രക്ത ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയ്‌നര്‍ എന്ന ശാസ്ത്രഞ്ജന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്.
രക്തസ്രാവം മൂലമാണ് ഭൂരിഭാഗം പേരും മരിക്കുന്നത്. റോഡപകടമോ മറ്റ് അപകടങ്ങളോ നടന്ന് ആശുപത്രികളില്‍ എത്തിച്ചാലും ആവശ്യമായ സമയത്ത് ചേരുന്ന രക്തം ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കും. സന്നദ്ധ രക്തദാനം വഴി ശേഖരിക്കുന്ന രക്തം ആവശ്യമുള്ളയാള്‍ക്ക് നല്‍കാം. ഇതിനായി രക്തബാങ്കുകളും രൂപീകരിച്ചിരിക്കുന്നു.
മൂന്ന് മാസത്തിലൊരിക്കല്‍ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാം. 18 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാന്‍ അനുയോജ്യം. ഒരു തവണ 450 മില്ലി ലിറ്റര്‍ വരെ ദാനം ചെയ്യാം. രക്തദാനം യാതൊരു തരത്തിലും മനുഷ്യന് ദോഷമാകുന്നില്ല എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണം.
രോഗാണുക്കള്‍ പകരാന്‍ ഏറ്റവും സാധ്യതയുള്ളത് രക്തത്തിലൂടെയാണ്. അതിനാല്‍ കൃത്യമായ രക്ത പരിശോധനകള്‍ക്കു ശേഷം മാത്രമേ രക്തം ദാനം ചെയ്യുവാന്‍ കഴിയുകയുള്ളൂ.
അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, രക്താര്‍ബുദം, പ്രസവ സമയങ്ങളിലെ അമിത രക്ത സ്രാവം, വിളര്‍ച്ച എന്നിവയുടെ ഭാഗമായി മനുഷ്യശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിനു പകരം നഷ്ടമായതിനു തുല്യ അളവിലും ചേര്‍ച്ചയുള്ളതുമായ രക്തം ദാതാവില്‍ നിന്നും സ്വീകരിക്കുന്നു.
എന്നാല്‍ രക്ത ബാങ്കുകളില്‍ എല്ലാ തരത്തിലും പെട്ട രക്തം ലഭിക്കണമെങ്കില്‍ രക്തദാനം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സ്‌കൂളുകളിലും മറ്റും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രക്തദാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുവാനുള്ള ക്ലാസുകശും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. ആശുപ്ത്രികള്‍ക്കും വിവിധ സംഘടനകള്‍ക്കും രക്ത ദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബ്ലഡ് ഡോണര്‍ ഫോറങ്ങള്‍ ഉണ്ട്.
ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസിക രോഗം, ക്യാന്‍സര്‍, കരള്‍ രോഗം, എയ്ഡ്‌സ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ ഒരിക്കലും രക്തം ദാനം ചെയ്യാന്‍ പാടുള്ളതല്ല.
രക്ത ദാനം ചെയ്യുമ്പോള്‍ ദാതാവിന്റെ ശരീരത്തില്‍ പുതിയ രക്ത കോശങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. മാത്രവുമല്ല ശരീരത്തിന് കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയും ഉന്മേഷവും നല്‍കുന്നു. അതിനാല്‍ തന്നെ രക്തദാനം യാതൊരു ദോഷഫലവുമുണ്ടാക്കുന്നില്ല. ആയതിനാല്‍ കഴിവതും രക്തം ദാനം ചെയ്യൂ. നിങ്ങളുടെ ഒരു തുള്ളി രക്തം ഒരു ജീവന്‍ രക്ഷിച്ചേക്കാം.

ഒക്ടോബർ ഒന്ന്

ലോക വൃദ്ധദിനം‌

കാലത്തിന്റെ തിരക്കുകളില്‍ പെട്ട് നമ്മുടെ ഈ പരക്കം പാച്ചില്‍ എങ്ങോട്ടാണ്? ആര്‍ക്കു വേണ്ടിയാണ്?
നിസ്സഹായ വാര്‍ദ്ധക്യം മുന്നില്‍ നില്‍ക്കുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന നമ്മളോരോരുത്തരും സ്വയം മനസ്സിലെങ്കിലും പറഞ്ഞുറപ്പിക്കേണ്ടിയിരിക്കുന്നു, നാളെ നമ്മുടെ ശരീരത്തെയും മനസ്സിനെയും വാര്‍ദ്ധക്യം ബാധിക്കുമെന്ന്. വാര്‍ധക്യം ഒരു ജീവിതാവസ്ഥ മാത്രമാണ്,അതൊരിക്കലും സാമൂഹികമോ സാമ്പത്തികമോ ആയ ബാധ്യതയല്ല.നാളെ നാം ഓരോരുത്തരും ഇതിലേക്ക് 

എത്തിച്ചേരും.നിസഹായ വാര്‍ധക്യം നമുക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ അതു മാതാപിതാക്കള്‍ ആയാലും മറ്റാരായാലും പുറം തിരിഞ്ഞു നില്‍ക്കരുത്,ഓര്‍ക്കുക നാളെ നമ്മുടെ മനസും ശരീരവും പ്രായം ആകുമെന്ന്.. ഒരിക്കലും യുവ തലമുറയുടെ ചിന്തകളുമായി അവരുടെ ചിന്തകള്‍ ഒത്തു പോകില്ല,പക്ഷെ അവരെ ഉള്‍കൊള്ളാന്‍ ഉള്ള വിശാല മനസ്ഥിതി ഓരോരുത്തര്‍ക്കും ഉണ്ടാകണം.അവരുടെ അറിവിനെയും പരിജയ സമ്പത്തിനെയും സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാം.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരിക അങ്ങനൊന്നില്ല,മറിച്ചു എല്ലാവരും സമൂഹത്തില്‍ ഒരുപോലെ ഒന്നുചേര്‍ന്ന് മുന്നോട്ടു പോവുക.മുതിര്‍ന്ന പൌരന്മാര്‍ കഴിഞ്ഞു പോയ കാലഘട്ടത്തിന്റെ സാക്ഷികളാണ്.

 

ഒക്ടോബര്‍ 1 – ലോക വൃദ്ധ ദിനം.- വാര്‍ദ്ധക്യ ജീവിതങ്ങളെ ആദരപൂര്‍വ്വം നമ്മളോടൊപ്പം ചേര്‍ത്തു 

നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്ന ഒരു ദിനം.

ഈ ദിനം കേവലം ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്.എന്നും എല്ലയ്പ്പോഴും വാര്‍ദ്ധക്യ ജീവിതത്തോട് കരുണയും

 കരുതലുമുണ്ടാകണം. അവരെ ചേര്‍ത്തു പിടിക്കണം


സ്വന്തം മാതാപിതാക്കളെ വൃദ്ധസദനതിലാക്കി ജീവിതത്തില്‍ പരക്കം പായുന്നവര്‍ ഒരു നിമിഷം ചിന്തിക്കുക നാളെ

 ഞാനും.........

1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.
1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭഅംഗീകരിച്ചത്  1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.
ജനസംഖ്യാ ജരണം സംബന്ധിച്ച മാഡ്രിക് അന്തർദ്ദേശീയ കർമ്മ പദ്ധതിയും 2002 ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. വൃദ്ധരുടെ ജീർണിപ്പ്  ദുരുപയോഗം എന്നിവക്കെതിരെ ബോധവൽക്കരണത്തിനായി ഈ ദിനം ഉപയൊഗപ്പെടുത്തുവാനും, ഈ ലക്ഷ്യത്തിലേക്ക് ലോകത്തിലെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരവുമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധദിനം.

 


അടുത്തത് വിന്‍ഡോസ് 10; സ്റ്റാര്‍ട്ട് മെനു തിരിച്ചെത്തുന്നു


വിന്‍ഡോസ് 10' ആയിരിക്കും മൈക്രോസോഫ്റ്റിന്റെ അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ ഒപ്പറേറ്റിങ് സിസ്റ്റം



മൈക്രോസോഫ്റ്റിന്റെ അടുത്ത ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 ന്റെ ആദ്യവിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തി.

വിന്‍ഡോസ് 8 ന് ശേഷം 9 ഇല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല, വിന്‍ഡോസ് 8 ല്‍ ഒഴിവാക്കപ്പെട്ട 'സ്റ്റാര്‍ട്ട് മെനു' ( Start Menu ) തിരികെയെത്തുന്നു എന്ന സവിശേഷതയും പുതിയ വിന്‍ഡോസ് പതിപ്പിനുണ്ട്.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും 'എക്‌സ്‌ബോക്‌സ്' ( Xbox ) ഗെയിം കണ്‍സോളിനുമെല്ലാം ഒരേ ഒ.എസ് ഉപയോഗിക്കാനും, ബന്ധപ്പെട്ട ആപ്ലിക്കേഷനുകളെല്ലാം ഒറ്റ സ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും പാകത്തിലാണ് വിന്‍ഡോസ് 10 എത്തുന്നതെന്ന്, കമ്പനിയുടെ അറിയിപ്പ് പറയുന്നു.

തിരിച്ചെത്തുന്ന സ്റ്റാര്‍ട്ട് മെനുവില്‍ യുസറിന്റെ ഇഷ്ട ആപ്ലിക്കേഷനുകള്‍ ഒക്കെയുണ്ടാകും. മാത്രമല്ല, വിന്‍ഡോസ് 8 ഇന്റര്‍ഫേസിന്റെ മാതൃകയില്‍, പരിഷ്‌ക്കരിച്ച ടൈലുകളുടെ രൂപത്തിലും സ്റ്റാര്‍ട്ട് മെനുവില്‍ ആപ്ലിക്കേഷനുകള്‍ പ്രത്യക്ഷപ്പെടും.